എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി പെര്‍ള സര്‍വ്വീസ് സഹകരണ ബാങ്ക്

post

കാസര്‍കോട് : എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്‌ലുവില്‍ തരിശായി കിടന്ന രണ്ട് ഏക്കര്‍ ഭൂമിയില്‍ ഇനി പൊന്നു വിളയും. ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം ക്യാമ്പയിനിന്റെ ഭാഗമായി പെര്‍ള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുകയാണിവിടെ. വ്യക്തികള്‍ മാത്രം നെല്‍ കൃഷിയിലേക്ക് ഇറങ്ങാന്‍ താല്‍പര്യപ്പെടുന്ന എന്‍മകജെ പോലുള്ള ഇടത്ത് വിപ്ലവകരമായ ആദ്യ ചുവട് വെച്ച ബാങ്കിന്  മാര്‍ഗ്ഗ നിര്‍ദേശവുമായി കൃഷി ഓഫീസര്‍ വിനീത് വി വര്‍മ്മയും ഒപ്പം നിന്നു.കൃഷി ഓഫീസര്‍ സുഭിക്ഷ കേരളം പദ്ധതിയെപ്പറ്റിയും നെല്‍ ്കൃഷിചെയ്യുമ്പോള്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വയലില്‍ വെള്ളം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ചെയ്തു.

ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു, കാസര്‍കോട്് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിനിമോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ ഇടപെടലുകളും നിര്‍ദ്ദേശങ്ങളും കരുതലും ബാങ്കിന് കൃഷിയിറക്കാന്‍ പ്രചോദനമായി. എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ശാരദാ വൈ,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആയിഷ എ എ, വാര്‍ഡ് മെമ്പര്‍ ബി ഉദയ, ശിവഗിരി വാര്‍ഡ് മെമ്പര്‍  പുട്ടപ്പ, , ബാങ്ക് പ്രസിഡന്റ്  ശശിഭൂഷന്‍ ശാസ്ത്രി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ ചേര്‍ന്ന് ഞാറു നട്ടു. കൂടുതല്‍ സംഘങ്ങള്‍ക്ക് നെല്‍ കൃഷിയിലേക്കും മറ്റ് കൃഷികളിലേക്കും ഇറങ്ങാന്‍ പെര്‍ള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകയാകും.