സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവി സങ്കേതം കരിമ്പുഴയില്‍ യാഥാര്‍ഥ്യമായി

post

മന്ത്രി അഡ്വ. കെ.രാജു ഔദ്യോഗിക പ്രഖ്യാപനം നടത്തി

മലപ്പുറം : സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവി സങ്കേതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നെടുങ്കയം അമിനിറ്റി സെന്ററില്‍ വനം -വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിച്ചു. കേരളത്തിന്റെ വനം ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമാണ്  കരിമ്പുഴ വന്യജീവി സങ്കേതത്തിനുള്ളത്. വന്യജീവിസങ്കേതം വരുന്നതോടെ തദ്ദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും ഇക്കോടൂറിസം പോലുള്ള പദ്ധതികളിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

  വരുന്ന തലമുറയ്ക്ക് ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാന്‍ വനങ്ങള്‍ സംരക്ഷിക്കണം. ഇക്കാര്യത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വനംവകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശോഷിച്ച വനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച് സ്വാഭാവികവനം സൃഷ്ടിക്കുന്ന പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. വന്യജീവി പരിപാലനത്തിലും വനസംരക്ഷണത്തിലും കേരളം മാതൃകാ സംസ്ഥാനമാണെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ വനവിസ്തൃതി വര്‍ധിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

  മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം റിസര്‍വ് വനവും വടക്കേകോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ച.കി.മീ വിസ്തീര്‍ണ്ണമുള്ള കരിമ്പുഴ വന്യജീവി സങ്കേതം. ഇതില്‍ ഉള്‍പ്പെടുന്ന  പ്രാക്തന ആദിവാസ ഗോത്രമായ ചോലനായ്ക്കരുടെ മാഞ്ചീരി കോളനി ഒഴിവാക്കിയാണ് പ്രഖ്യാപനം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് 226 തരം പക്ഷികളെയും 213 തരം ചിത്രശലഭങ്ങളെയും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കുയില്‍ വിഭാഗത്തിലുള്ള മത്സ്യങ്ങളെയും 23 തരം ഉഭയജീവികളെയും 33 തരം ഉരഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.  സങ്കേതത്തിന്റെ തെക്ക് ഭാഗം മുക്കുറുത്തി ദേശീയോദ്യാനവും വടക്ക് കിഴക്ക് സൈലന്റ് വാലി ബഫര്‍ സോണുമാണ്.

 എഴുപതാമത്  വനമഹോത്സവത്തിന്റെ ഭാഗമായി നെടുങ്കയം അമിനിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായി. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശാരിയില്‍ അസൈനാര്‍,  വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) സുരേന്ദ്രകുമാര്‍, പാലക്കാട്  ഈസ്റ്റേണ്‍  സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, പാലക്കാട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്(വൈല്‍ഡ് ലൈഫ്) കെ.വിജയാനന്ദന്‍,  നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വര്‍ക്കഡ് യോഗേഷ് നീലകണ്ഠ,് സൗത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു