ജില്ലയുടെ ടൂറിസം മേഖലയെ സമ്പന്നമാക്കി ബി ആര്‍ ഡി സി യുടെ 25 വര്‍ഷങ്ങള്‍

post

കാസര്‍കോട് : ജില്ലയുടെ ടൂറിസം മേഖലയെ സമ്പന്നമാക്കിയ ബി.ആര്‍.ഡി സി(ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍)  എന്ന കമ്പനി രൂപീകരിച്ചിട്ട് 25 വര്‍ഷങ്ങള്‍ ആയി.ബേക്കലിനെ  ഒരു അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി  ലോകത്തിന് പരിചയപ്പെടുത്താനും രാജ്യത്തിന് അകത്തും പുറത്തുമുള്ള ടൂറിസം ഫെസ്റ്റുകളിലും മേളകളിലും സ്റ്റാളുകള്‍ ഒരുക്കി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ രംഗത്തും മാര്‍ക്കറ്റിങ് മേഖലയിലും കാസര്‍കോടന്‍ ടൂറിസത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്താനും സാധിച്ചത് ബി.ആര്‍.ഡിയുടെ നേട്ടമാണ്.1992 ല്‍ കേന്ദ്ര ഗവണ്‍മെന്റ് ബേക്കലിനെ ഒരു സ്പെഷ്യല്‍ ടൂറിസ്റ്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.1995 ല്‍ ജൂലൈ മൂന്നിന്  വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പൊതുമേഖലാ സ്ഥാപനമായി ബി.ആര്‍.ഡി സി രൂപീകരിച്ചു.തുടര്‍ന്ന് 235 ഏക്കറോളം ഭൂമി ഏറ്റെടുത്തു ആറ് റിസോര്‍ട്ട് സൈറ്റുകള്‍ ഉണ്ടാക്കി വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബി ആര്‍ ഡി സിക്ക് കഴിഞ്ഞതായി ബി ആര്‍ ഡി സിയുടെ ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

വിവിധ റിസോര്‍ട്ടുകളിലേക്ക് മലബാര്‍   പാക്കേജില്‍ ഉള്‍പ്പെടുത്തി എം ഡി ആര്‍ നിലവാരത്തില്‍ നിര്‍മ്മിച്ച  റോഡുകള്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് സഹായകമായി.ചേറ്റുകുണ്ടില്‍ 1.48 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റെയില്‍വേ ഗേറ്റും അനുബന്ധ റോഡും തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിലെ വഴിതിരിവായി . പ്രധാന ടൂറിസം സ്പോട്ടുകളില്‍ ബി ആര്‍ ഡി സി തെരുവ് വിളക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.ബേക്കല്‍ കോട്ടയോട്   ചേര്‍ന്ന്  കിടക്കുന്ന തണല്‍ വിശ്രമ കേന്ദ്രവും വാഹന  പാര്‍ക്കിങ് സൗകര്യവും സഞ്ചാരികള്‍ക്ക് ഉപയുക്തമാണ്. ജില്ലയിലെ കായല്‍ ടൂറിസം സാധ്യതകള്‍    പ്രയോജനപ്പെടുത്തുന്നതിനായി ഇടയിലക്കാട്,ആയിറ്റി,കോട്ടപ്പുറം എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും പുതുതായി ഈ മേഖലയിലേക്ക് കടന്ന് വരുന്ന സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും പരിശീലനവും നല്‍കിയും ബി ആര്‍ ഡി സി  ജില്ലയിലെ ടൂറിസം സ്വപ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നു .   

15 പദ്ധതികള്‍ ബി ആര്‍ ഡി സി ഏറ്റെടുത്ത് നടത്തും

ജില്ലയിലെ ടൂറിസം മേഖലയിലെ 15 പദ്ധതികള്‍ ബിആര്‍ഡി സി ഏറ്റെടുത്ത് നടത്തും.കഫെ ദെ ബേക്കല്‍,റൈന്‍ബോ റീ ക്രിയേഷണല്‍ സോണ്‍ ബേക്കല്‍,മഞ്ഞമ്പതിക്കുന്ന് ഹില്‍ ടൂറിസം പ്രോജക്ട് കാസര്‍കോട് അണങ്കൂരിലെ നൈറ്റ് ഫുഡ് സ്ട്രീറ്റ് പ്രൊജക്റ്റ്,കാസര്‍കോടിലെ നൈറ്റ് ലൈഫ് പ്രൊജക്റ്റ്,പള്ളിക്കര ഫ്ലൈ ഓവറിന് കീഴെ മാനവീയം മോഡല്‍ റിങ് റോഡ് പ്രൊജക്റ്റ്, ഫോര്‍ട്ട് സര്‍ക്യൂട്ട് പദ്ധതി,പള്ളിക്കരയില്‍ വോള്‍ഡ് ക്ലാസ് മാള്‍,പെരിയ ടൗണ്‍ഷിപ്പ് പദ്ധതി,ചന്ദ്രഗിരി റിവര്‍ ടൂറിസം,ബേക്കല്‍ റിട്രീറ്റ് സെന്റര്‍,കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍,പൊസടിഗുമ്പെ ഹില്ലോക്ക് പദ്ധതി,അഴിത്തല ബീച്ച് ടൂറിസം, ബേക്കല്‍ കോട്ടക്ക് സമീപം പാര്‍ക്കിങ് ബേ നവീകരണം എന്നിവയാണ് ബിആര്‍ഡിസി ഏറ്റെടുത്ത് നടത്താന്‍ പോകുന്ന പദ്ധതികളെന്ന് ബി ആര്‍ ഡി സി മാനേജിങ് ഡയറക്ടര്‍ കൂടിയ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.