ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

post

കോഴിക്കോട് : കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന്(ജൂലൈ 4)മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കും. 5,6 തീയതികളില്‍ പച്ച അലര്‍ട്ടാണ്. 

അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും അപകടാവസ്ഥയില്‍ വള്‍നറബിള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരെ മാറ്റി താമസിപ്പിക്കുകയും ചെയ്യുന്നതിന്  അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ , ഡാം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യണം.

നിലവിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2020 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന  വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി മാറ്റി താമസിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2020 ല്‍ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf എന്ന ലിങ്കില്‍ ഓറഞ്ച് ബുക്ക് 2020 കാണാം.