ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹൈടെക് വിദ്യാലയ മണ്ഡലമായി കായംകുളം

post

കായംകുളം: ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹൈടെക് വിദ്യാലയ മണ്ഡലമായി കായംകുളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്  പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കുന്ന  പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. കായംകുളം സമ്പൂര്‍ണ ഹൈടെക് വിദ്യാലയമായതിന്റെ പ്രഖ്യാപനം  ഇന്ന് (ഡിസംബര്‍ 21)   ഉച്ചയ്ക്ക് 2.30ന് നടക്കും. കായംകുളം നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്റെ അദ്ധ്യക്ഷതയില്‍ കായംകുളം കാദീശാ ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അഡ്വ. യു. പ്രതിഭ എം.എല്‍.എ കായംകുളത്തെ സമ്പൂര്‍ണ്ണ ഹൈടെക് വിദ്യാലയ മണ്ഡലമായി പ്രഖ്യാപിക്കും. ജില്ലാ കളക്ടര്‍ എം. അഞ്ജന ഐ.എസ്.എസ് മുഖ്യാതിഥിയാകും.

ലോവര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 124 വിദ്യാലയങ്ങളിലാണ് ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 730 ലാപ്‌ടോപ്പുകള്‍, 417 പ്രോജക്ടറുകള്‍, 598 സ്പീക്കറുകള്‍, ഹൈസ്‌കൂള്‍- ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ 29 ടെലിവിഷനുകള്‍, 35 എച്ച്.ഡി വെബ് ക്യാമറകള്‍, 35 മള്‍ട്ടിഫങ്ഷന്‍ ക്യാമറകള്‍, നെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങള്‍, ഇന്റര്‍നെറ്റ് എന്നീ സംവിധാനങ്ങളാണ് സ്‌കൂളുകളില്‍  സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ എം.എല്‍.എയുടെ പ്രത്യേക വികസനഫണ്ടില്‍നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് 120 ഓളം കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും വിവിധ വിദ്യാലയങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസ് (8.09 കോടി), രാമപുരം എച്ച്.എസ്.എസ് (3.82 കോടി), ഗവണ്‍മെന്റ് എല്‍.പി.എസ് ഭരണിക്കാവ് (1 കോടി), പുതിയവിള എല്‍.പി.എസ് (1 കോടി), ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസ് (4.55 കോടി), ഗവണ്‍മെന്റ് എല്‍.പി.എസ് കായംകുളം (50 ലക്ഷം), ഏവൂര്‍ എസ്.ആര്‍.കെ.വി. എല്‍.പി.എസ് (50 ലക്ഷം), പള്ളിക്കല്‍ ഗവണ്‍മെന്റ് മോഡല്‍ എല്‍.പി.എസ് (50 ലക്ഷം), കെ.എന്‍.എം. യു.പി.എസ് (50 ലക്ഷം), ഗവണ്‍മെന്റ് യു.പി.എസ്, കണ്ണമംഗലം (50 ലക്ഷം), ജി.യു.പി.എസ് കണ്ണമംഗലം (50 ലക്ഷം), മൂന്ന് സ്‌കൂളുകള്‍ക്ക് പാചകപ്പുര (22 ലക്ഷം), നാല് സ്‌കൂളുകള്‍ക്ക് ടോയ്‌ലറ്റ് ബ്ലോക്ക് (29 ലക്ഷം),  വിദ്യാര്‍ഥിനികള്‍ക്കായി അഞ്ച് സ്‌കൂളുകള്‍ക്ക് സ്ത്രീ സൗഹൃദ വിശ്രമ മുറിയും അനുബന്ധ സൗകര്യങ്ങളും (80 ലക്ഷം), അഞ്ച് എസ്.പി.സി യൂണിറ്റുകള്‍ക്ക് ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ (5 ലക്ഷം), രണ്ട് ശാസ്ത്രപോഷിണി ലാബുകള്‍ (10 ലക്ഷം), രണ്ട് സ്‌കൂള്‍ ബസ്സുകള്‍ (35 ലക്ഷം) രൂപയുമാണ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എം.എല്‍.എ അനുവദിച്ചിട്ടുള്ളത്.

ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ  ജില്ലാ   ഉപ ഡയറക്ടര്‍ ധന്യ.ആര്‍.കുമാര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജീജ ഐ.ആര്‍, എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസര്‍ എ. സിദ്ധീഖ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.കെ. പ്രസന്നന്‍, ഡി.ഇ.ഒ സുജാത, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഋഷി നടരാജന്‍, വിദ്യാഭ്യാസ സാമൂഹികസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍  പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും.