സവാള വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ

post

തിരുവനന്തപുരം: സവാളയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര വ്യാപാര്‍ ഭണ്ഡാരയില്‍ നിന്നും സംഭരിച്ച 50 മെട്രിക് ടണ്‍ സവാള സംസ്ഥാനത്തെ മുഴുവന്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി 95 രൂപയ്ക്കും, സ്‌പ്ലൈകോ ക്രിസ്മസ് സ്‌പെഷ്യല്‍ ഫെയറുകള്‍ മുഖേന കിലോയ്ക്ക് 90 രൂപ നിരക്കിലും വിതരണം നടത്തി വരികയാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യന്‍ സവാളയില്‍ നിന്നും 50 മെട്രിക് ടണ്‍ സവാള നാഫെഡ് മുഖാന്തിരം സപ്ലൈകോ സംഭരിച്ചു വരികയാണ്. അടുത്ത ദിവസങ്ങളില്‍ അവ കേരളത്തില്‍ വിതരണത്തിന് എത്തിച്ചേരും. ഇറക്കുമതി സവാള കിലോയ്ക്ക് ഏകദേശം 75 മുതല്‍ 77 രൂപ വരെ നിരക്കില്‍ കേരളത്തില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും, അവ നാഫെഡ് വഴി ലഭ്യമാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിതരണത്തിന് ആവശ്യമായ സവാളയുടെ അളവ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ പൊതുമേഖല സ്ഥാപനങ്ങളിലൂടെയുളള സവാള വിതരണം മൂലം പൊതുകമ്പോളങ്ങളിലെ വില കുറയ്ക്കുവാന്‍ മൊത്ത വ്യാപാരികള്‍ നിര്‍ബന്ധിതരാകും. വിലവിവരം പ്രദര്‍ശിപ്പിക്കാതെ സവാളയ്ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.