തീരദേശ വാസികളില്‍ കൗതുകമുണര്‍ത്തി ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍

post

കൊല്ലം : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ തീരദേശ വാസികളില്‍ കൗതുകം ഉണര്‍ത്തി. പെട്ടെന്ന് ഉണ്ടായ പോലീസ് അനൗണ്‍സ്‌മെന്റില്‍ തീരദേശവാസികള്‍ പ്രളയം ഉണ്ടായെന്ന്  കരുതി രക്ഷയ്ക്കായി  പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍  കയറി. കൈയില്‍ കിട്ടിയതൊക്കെ എടുത്തുകൊണ്ടാണ് പലരും രക്ഷപ്പെട്ടത്. ഭയത്തോടെ ഓടി രക്ഷപെട്ടവര്‍ മോക്ക് ഡ്രില്ലാണ് നടത്തിയതെന്നറിഞ്ഞു  ആശ്വാസത്തോടെയാണ് തിരികെ വീടുകളിലേക്ക് മടങ്ങിയത്.

ഒരു പ്രളയം ഉണ്ടായാല്‍ എങ്ങനെയാണ് നേരിടേണ്ടതെന്ന്  തീരദേശവാസികളെ  പ്രാപ്തരാക്കാന്‍ വേണ്ടിയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. കൊല്ലം ബീച്ചിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ രാവിലെ 11 നാണ്  മോക്ക് ഡ്രില്‍ ആരംഭിച്ചത്. മുണ്ടയ്ക്കല്‍ വില്ലേജ് പരിധിയിലെ കൊല്ലം ബീച്ചിന് സമീപം നേതാജി നഗറില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇരുപതോളം വീടുകളില്‍ വെള്ളം കയറിയതായി കൊല്ലം താലൂക്ക് ഓഫീസിലേക്ക് മോക്ക് ഡ്രില്ലിന്റെ  ഭാഗമായി ഫോണ്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം റെസ്‌പോണ്‍സിബിള്‍ ഓഫീസറായ ആര്‍ ഡി ഒ  യുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പ് പ്രതിനിധികള്‍ സംഭവ സ്ഥലത്ത് എത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.  

പോലീസ്,  അഗ്‌നിസുരക്ഷാ സേന, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പൊതുവിഭാഗത്തില്‍പെട്ട അമ്പതോളം ആള്‍ക്കാരെ അമൃതകുളം എല്‍ പി സ്‌കൂളില്‍ ഒരുക്കിയ ക്യാമ്പിലേക്ക് മാറ്റി. ഗര്‍ഭിണികള്‍, 60 വയസ് കഴിഞ്ഞവര്‍,  കിടപ്പുരോഗികള്‍ തുടങ്ങിയവരെ പ്രത്യേകം സജ്ജീകരിച്ച കെട്ടിടത്തിലേക്കും മാറ്റി. ക്വാറന്റയിനില്‍  കഴിയുന്നവരെ ഹോട്ടല്‍ സീ പാലസിലേക്കും കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലാ ആശുപത്രിയിലേക്കും  മാറ്റി. വളര്‍ത്തുമൃഗങ്ങളെ പ്രത്യേക വാഹനത്തില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലേക്ക് മാറ്റി.

  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. റവന്യൂ വകുപ്പ്, കെ എസ് ഇ ബി,  ആശാവര്‍ക്കര്‍മാര്‍  തുടങ്ങിയവര്‍  മോക്ക് ഡ്രില്ലില്‍  പങ്കെടുത്തു