ബട്ടര്‍ഫ്‌ലൈസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

post

ഭിന്നശേഷിക്കാര്‍ക്ക് ഇനി പരസഹായമില്ലാതെ യാത്ര ചെയ്യാം

കൊല്ലം : ശാരീരിക അവശതകള്‍ മറന്ന് ഭിന്നശേഷിക്കാര്‍ക്ക് ഇനി പരസഹായമില്ലാതെ യാത്ര ചെയ്യാം. ജില്ലാ പഞ്ചായത്ത് വിതരണം ചെയ്ത ജോയ്സ്റ്റിക് ഓപ്പറേറ്റഡ് ഇലക്‌ട്രോണിക് വീല്‍ചെയറാണ് ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനമാവുക. 2019-20 വര്‍ഷത്തെ ബട്ടര്‍ഫ്‌ലൈസ് പദ്ധതി പ്രകാരമാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്.

പദ്ധതിയുടെ ഒന്നാംഘട്ട  വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിച്ചു. കോടിക്കണക്കിന് രൂപയാണ് സാമൂഹിക വികസനത്തിനായി ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നത്.  അതില്‍ ആത്മസംതൃപ്തി നല്‍കുന്ന പദ്ധതിയാണ് ബട്ടര്‍ഫ്‌ലൈസ്. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ഇലക്‌ട്രോണിക് വീല്‍ ചെയറും മുച്ചക്ര വാഹനങ്ങളും നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഒരു മുറിക്കുള്ളില്‍ തന്നെ ഒതുങ്ങിക്കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് പുറത്തേക്കിറങ്ങി സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് വീല്‍ചെയര്‍ സഹായകരമാകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

60 വയസില്‍ താഴെയുള്ള 29 പേര്‍ക്കാണ് പദ്ധതിയുടെ സഹായം ലഭ്യമാകുക. ഒരു വീല്‍ചെയറിന് 1,40,000 രൂപ നിരക്കില്‍ 32 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ടമെന്ന നിലയില്‍ 13 പേര്‍ക്ക് മാത്രമാണ് വീല്‍ചെയര്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ ബാക്കിയുള്ളവര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷം 27 പേര്‍ക്കും 26 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്  വേണുഗോപാല്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി  ജയപ്രകാശ്, ശ്രീലേഖ വേണുഗോപാല്‍, ഡിവിഷന്‍ അംഗങ്ങളായ ടി ഗിരിജകുമാരി, ആര്‍ രശ്മി, സെക്രട്ടറി കെ പ്രസാദ്, സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.