ഡ്രിപ് ഇറിഗേഷന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

post

കൊച്ചി: മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള വിവിധ സ്ഥലങ്ങളില്‍ ഡ്രിപ് ഇറിഗേഷന്‍ പരിശീലനവും തുടര്‍ന്ന് ജൈവകൃഷിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു.  പദ്ധതിയില്‍ ഉള്‍പ്പെട്ട പത്ത് വനിതകള്‍ക്ക് അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി പത്ത് സെന്റ് സ്ഥലത്ത് ഉത്പാദന ക്ഷമതയുള്ള വെണ്ട കൃഷിയാണ് ചെയ്യുന്നത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍, കോട്ടുവള്ളി പഞ്ചായത്ത് അംഗം മജിമോള്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.