സംസ്ഥാനത്ത് വാര്‍ഡുതല സമിതികള്‍ സജീവമാക്കും

post

 ജോലിക്കുപോകാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ ഭാഗമാകണം

തിരുവനന്തപുരം : രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ വാര്‍ഡ്തല സമിതികളെ അറിയിക്കണം. മാസ്‌ക് ധരിക്കാത്ത 5373 സംഭവങ്ങള്‍ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 15 പേര്‍ക്കെതിരെ ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.തീവണ്ടികളിലും മറ്റും വരുന്നവര്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ നടത്തുന്ന അപകടകരമായ ശ്രമം ജാഗ്രതയോടെ കണ്ടെത്തി തടയും. പൊതു ഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തും.

ടെലിമെഡിസിന്‍ ആരംഭിച്ചത് ഈ ഘട്ടത്തില്‍ ആശുപത്രികളില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. അത് പ്രാദേശികതലത്തില്‍ വ്യാപിപ്പിക്കണം. എല്ലായിടത്തും അതിനുള്ള സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കണം. കോവിഡ് ചികിത്സ ഇപ്പോള്‍ നടത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ്. ഇതിന്റെ അനുഭവം സ്വകാര്യ മേഖലയ്ക്കു കൂടി പങ്കുവെക്കണം.

ഈ ഘട്ടത്തില്‍ ജോലിക്കുപോകാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം. ഇക്കാര്യം ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം. എല്ലാ പഞ്ചായത്തിലും ജീവനക്കാര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തന രംഗത്തുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ പിന്തുണയാകും. കാസര്‍കോട് ജില്ലയില്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മാതൃകാപരമായ ഇടപെടല്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അവിടെ അധ്യാപകര്‍ വാര്‍ഡ്തല സമിതികളുടെ ഭാഗമായി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണ്. ഈ മാതൃക മറ്റു ജില്ലകളിലും പിന്തുടരണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ സമൂഹവ്യാപന ആശങ്കയില്‍നിന്ന് നാം മുക്തരായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധശേഷി കുറഞ്ഞവരുടെയും മറ്റു രോഗങ്ങളുള്ളവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇടപെടും. ഫീല്‍ഡ്തല നിരീക്ഷണവും റിപ്പോര്‍ട്ടിങ്ങും കൂടുതല്‍ ഫലപ്രദമാക്കും.നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരവും ശേഖരിക്കും.

ആംബുലന്‍സുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നു എന്നുറപ്പാക്കും. പരാതികള്‍ വരുന്നിടത്ത് ഇടപെട്ട് നടപടി സ്വീകരിക്കും. എവിടെ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് ലഭ്യമാകും എന്നതിന് കൃത്യത വരുത്തും.

സംസ്ഥാനത്ത് മെയ് ഏഴിനുശേഷം ചൊവ്വാഴ്ച വരെ 870 വിമാനങ്ങളും മൂന്നു കപ്പലുകളും വിദേശങ്ങളില്‍നിന്ന് വന്നിട്ടുണ്ട്. 600 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വന്നത് യുഎഇയില്‍ നിന്നാണ്. 446 വിമാനങ്ങളിലായി 73,212 പേരാണ് വന്നത്. കോഴിക്കോട്ട് 222ഉം കൊച്ചിയില്‍ 201ഉം കണ്ണൂരില്‍ 104 ഉം തിരുവനന്തപുരത്ത് 67ഉം വിമാനങ്ങളെത്തി.

ആകെ വന്ന 1,43,147 പേരില്‍ 52 ശതമാനവും (74,849) തൊഴില്‍ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീര്‍ന്ന 46,257 പേരെത്തി. കേരളം ചൊവ്വാഴ്ച വരെ 1543 ഫ്‌ളൈറ്റുകള്‍ക്കാണ് അനുമതിപത്രം നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ക്കായി അനുമതിപത്രം ലഭിക്കുന്നുണ്ടെന്നും ആര്‍ക്കും നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ പൊലീസ് കര്‍ശനജാഗ്രത പുലര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖലാ ഐജി അശോക് യാദവ് പൊന്നാനിയില്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

പച്ചക്കറിക്കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്ക് വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. ഈ കടകളുടെ മൊബൈല്‍ നമ്പര്‍ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധനസാമഗ്രികള്‍ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കാം. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ ജില്ലാ കളക്ടര്‍ പാസ് നല്‍കിയ വളണ്ടിയര്‍മാര്‍ കടകളില്‍ നിന്ന് സാധനസാമഗ്രികള്‍ വീട്ടില്‍ എത്തിച്ചുനല്‍കും.

സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.