കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എല്‍പി സ്‌കൂളും ഉന്നത നിലവാരത്തിലേക്ക്

post

പത്തനംതിട്ട : കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനെയും, ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനെയും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കിഫ്ബിയില്‍ നിന്നും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പണം അനുവദിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്നു കോടി രൂപയും, ഗവ. എല്‍പി സ്‌കൂളിന് 1.20 കോടി രൂപയുമാണ് അനുവദിച്ചത്.

        രണ്ടു പ്രവൃത്തികളുടെയും നിര്‍മാണം ആരംഭിക്കുന്നതിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ സ്‌ക്കൂളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ബ്ലോക്കുകളും, ഹയര്‍ സെക്കന്‍ഡറി ലാബും, വിഎച്ച്എസ്സി ബ്ലോക്കിന്റെ റൂഫിംഗും, സെപ്റ്റിക് ടാങ്കും, ഇലക്ട്രിക്കല്‍ വര്‍ക്കുമാണ് പുതിയതായി നിര്‍മിക്കുന്നത്.

        എല്‍പി സ്‌കൂളില്‍ പുതിയതായി എട്ടു ക്ലാസ് റൂമുകളാണ് നിര്‍മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ ഓഫീസ് കെട്ടിടത്തിന്റെ തെക്ക്പടിഞ്ഞാറ് ഭാഗത്ത് മൂന്നു നിലകളായാണ് കിഫ്ബി യില്‍ നിന്നും അനുവദിച്ച് മൂന്നു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ കരാര്‍ ലഭിച്ചിട്ടുള്ളത് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എബിഎം സിവില്‍ വെങ്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2019 20 ലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എല്‍പി സ്‌കൂള്‍ നിര്‍മാണത്തിന് അനുവദിച്ച 1.20 കോടിയുടെ കരാര്‍ ഹാബിറ്റാറ്റിനാണ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്നു കോടി രൂപയുടെ കിഫ്ബി വര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ ഒന്‍പതിന് നടക്കും. ഒന്‍പതു മാസമാണ് നിര്‍മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും, നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും എംഎല്‍എ പറഞ്ഞു.

       ബജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയ്ക്ക് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ 1.20 കോടി രൂപ  കൂടി അനുവദിക്കണമെന്നു കാട്ടി ധന കാര്യവകുപ്പിന് കത്തു നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ നടക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കുകയും, മൂന്നു കോടിയുടെ കിഫ്ബി നിര്‍മാണം നടക്കുകയും ചെയ്യുന്നതോടുകൂടി കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം തയാറാകും. ഘട്ടം ഘട്ടമായി കോന്നിയിലെ എല്ലാ സര്‍ക്കാര്‍ വദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലാക്കുമെന്നും എംഎല്‍എ പറഞ്ഞു.

     ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.ജയകുമാര്‍, ഗ്രാമപഞ്ചായത്തംഗം പി.എസ്.രാജു, പി റ്റി എ പ്രസിഡന്റ് എസ്.രാജേഷ്, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പി.ജയകുമാര്‍, ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.അനില്‍, ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലി അസ്‌കര്‍  വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ എസ്. ലാലി, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.