രണ്ടാം ലോക കേരളസഭ പുതുവർഷദിനം മുതൽ

post

തിരുവനന്തപുരം:  ലോകത്താകെയുളള കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഉതകുന്നതിലേക്കായി ആരംഭിച്ച ലോക കേരള സഭ രണ്ടാം വാര്‍ഷികത്തിലേക്ക്. ലോക കേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരം നിയമസഭ സമുച്ചയത്തില്‍ ചേരും. 

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദിയായി വിഭാവനം ചെയ്തുകൊണ്ട് രൂപീകൃതമായ ലോക കേരള സഭയിലൂടെ ' ലോക കേരളത്തിന് ' നേതൃത്വം കൊടുക്കുകയാണ് സര്‍ക്കാര്‍. കേരളത്തിന്റെ നന്മയെ മുന്‍നിര്‍ത്തിയുളള ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തന പരിപാടികളും അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പൊതുസമ്മതമായ തീരുമാനങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിനും ലോക കേരള സഭ അവസരമൊരുക്കുന്നു. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്. മറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. 

ലോക കേരള സഭ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് വിവിധ പ്രവാസി വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 19ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ആദ്യഘട്ട സെമിനാര്‍ നടന്നു. കുടിയേറ്റത്തിന്റെ കലുഷിത ഭൂമിക എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്്. കേരളത്തില്‍ നിന്നുളള പ്രവാസത്തിന്റെ ചരിത്രവും ഭാവിയും, കേരളത്തില്‍ നിന്നുളള പ്രവാസികള്‍ ഇന്ന് എങ്ങനെ, എവിടെയെല്ലാം, സ്ഥിതി വിവരക്കണക്കുകളുടെ പരമിതികളും പരിഹാര മാര്‍ഗ്ഗങ്ങളും, ഇന്ത്യയുടെ പ്രവാസ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങള്‍, നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനം, പ്രവാസത്തിലും പ്രവാസത്തിനുമുന്‍പും ശേഷവും പ്രവാസികള്‍ നേരിടുന്ന ചൂഷണം, പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും, അകംകേരളവും പുറംകേരളവും തമ്മിലുളള സാംസ്‌കാരിക വിനിമയം സാധ്യതകളും മാര്‍ഗ്ഗങ്ങളും, അകംകേരളവും പുറംകേരളവും തമ്മിലുളള വിഞ്ജാന നൈപുണ്യ വിനിമയം സാധ്യതകളും മാര്‍ഗ്ഗങ്ങളും, അകംകേരളവും പുറംകേരളവും തമ്മിലുളള വിവിധ സാമ്പത്തിക വിനിമയ സാധ്യതകളും മാര്‍ഗ്ഗങ്ങളും എന്നീ വിഷയങ്ങളെയോ കുറിപ്പുകളെയോ ആധാരമാക്കിയാണ് ലോക കേരള സഭയില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നത്. 

2018 ജനുവരി 12, 13 തീയതികളിലാണ് പ്രഥമ ലോക കേരള സഭാ സമ്മേളനം നടന്നത്.