ഡ്രൈവിങ് ടെസ്റ്റ് സംബന്ധമായ സേവനങ്ങള്‍ ഉണ്ടായിരിക്കില്ല

post

മലപ്പുറം : കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  നിര്‍ത്തിവച്ചതായി മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.  2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിക്കുന്ന എല്ലാ ഡ്രൈവിങ് ലൈസന്‍സ്/ ലേണേഴ്‌സ്/ കണ്ടക്ടര്‍ ലൈസന്‍സ് എന്നിവയുടെ കാലാവധി 2020 സെപ്തംബര്‍ 30വരെ നീട്ടിയിട്ടുള്ളതിനാല്‍ അപേക്ഷകര്‍ ഓഫീസിലെത്തി തിരക്ക് കൂട്ടേണ്ടതില്ല.
നിലവില്‍ കേരളത്തില്‍ ഇഷ്യൂ ചെയ്തിട്ടുള്ള  ലൈസന്‍സുകള്‍ കേന്ദ്ര സോഫ്റ്റ്‌വെയറായ സാരഥിയിലേക്ക് പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍  ഇനി മുതല്‍ ലൈസന്‍സുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും (പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ്, പുതിയ ക്ലാസ് ചേര്‍ക്കല്‍, ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് ) തുടങ്ങിയവക്കുള്ള  അപേക്ഷ https:// parivahangov.in  എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. തുടര്‍ന്ന് ഓണ്‍ലൈന്‍ / ഇസേവാ കേന്ദ്രങ്ങള്‍/ അക്ഷയ കേന്ദ്രങ്ങള്‍  മുഖേനയോ  അപേക്ഷ ഫീസ് അടച്ച് പ്രിന്റ് എടുക്കണം. പൂര്‍ണ്ണമായ അപേക്ഷയും 42 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച  സ്വന്തം മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതിയ കവര്‍ സഹിതം ആര്‍.ടി.ഒ ഓഫീസിന് മുന്‍വശം സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ സമര്‍പ്പിക്കണം. കേരളത്തില്‍  നിന്ന് മുമ്പ് നല്‍കിയിട്ടുള്ള പഴയ ബുക്ക് ഫോമിലുള്ള ലൈസന്‍സുകളും എന്തെങ്കിലും തെറ്റുകളുള്ളതും (ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത ലൈസന്‍സുകളും) നിര്‍ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സും സ്റ്റാമ്പ് സഹിതമുള്ള കവറും പെട്ടിയില്‍ സമര്‍പ്പിക്കണമെന്നും ആര്‍.ടി.ഒ അറിയിച്ചു.