എസ്.എസ്.എല്‍.സി: 98.82 ശതമാനം വിജയം

post

തിരുവനന്തപുരം : കേരളത്തിലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അറിയിച്ചു.ആകെ 4,22,451 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 4,22,092 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.41,906 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഇരുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ് 2327 പേര്‍.

ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നത് ആലപ്പുഴ തെക്കേക്കര ഗവ. എച്ച്.എസ്.എസാണ് രണ്ടുപേര്‍.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ലയും(77685) വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ് (26855).ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല പത്തനംതിട്ട (10417).

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള ജില്ല പത്തനംതിട്ടയാണ് (99.71 ശതമാനം). കുട്ടനാടാണ് (100%) വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. വിജയശതമാനം കുറവുള്ള ജില്ല വയനാടാണ് (95.04 %). വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ലയും വയനാടാണ് (95.04 %).

പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളില്‍ യഥാക്രമം 40815, 7929, 285953, 13538 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ യഥാക്രമം 39895, 7225, 283019, 13423 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.പട്ടികജാതി വിഭാഗത്തില്‍ 97.75 ഉം, പട്ടികവര്‍ഗ വിഭാഗത്തില്‍ 91.12 ഉം, ഒ.ബി.സി വിഭാഗത്തില്‍ 98.97 ഉം ഒ.ഇ.സി വിഭാഗത്തില്‍ 99.15 ആണ് വിജയശതമാനം.

ഗള്‍ഫ് മേഖലയില്‍ ഒന്‍പതു സ്‌കൂളുകളില്‍ 597 പേര്‍ പരീക്ഷ എഴുതിയതില്‍ 587 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.32 ആണ് വിജയശതമാനം. 76 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി.

ലക്ഷദ്വീപ് മേഖലയില്‍ ഒന്‍പതു സ്‌കൂളുകളില്‍ 592 പേര്‍ പരീക്ഷ എഴുതിയതില്‍ 561 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 94.76 ആണ് വിജയശതമാനം. ഒരാള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി.

എസ്.എസ്.എല്‍.സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പഴയ സ്‌കീം) 1770 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1356 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.61 ശതമാനം വിജയം.

എസ്.എസ്.എല്‍.സി ഹിയറിംഗ് ഇമ്പയേഡ് പരീക്ഷയില്‍ 261 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 261 പേരും ഉപരിപഠനത്തിന് അര്‍ഹതനേടി. ഇവരില്‍ 24 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 3090 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 3063 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 99.13 ശതമാനം വിജയം. ഈ വിഭാഗത്തില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയ മൂന്നുപേരും ഉപരിപഠനത്തിന് അര്‍ഹതനേടി.

ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) വിഭാഗത്തില്‍ 17 പേര്‍ പരീക്ഷയെഴുതിയതില്‍ എല്ലാവരും ഉപരിപഠനത്തിന് അര്‍ഹതനേടി.

എ.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 70 പേര്‍ പരീക്ഷ എഴുതിയതില്‍ 54 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 77.14 ആണ് വിജയശതമാനം. ഈ വിഭാഗത്തില്‍ പ്രൈവറ്റായി എഴുതിയ ഒരാള്‍ ഉപരിപഠന അര്‍ഹത നേടിയില്ല.