കോവിഡ് കെയര്‍ സെന്ററുകളില്‍ ആയുര്‍വ്വേദ പ്രതിരോധത്തിന്റെ ആശ്വാസവാക്കായി അമൃതം പദ്ധതി

post

കാസര്‍കോട്: സംസ്ഥാന കോവിഡ് റെസ്‌പോണ്‍സ് സെല്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ച് നടപ്പാക്കിയതാണ് അമൃതം പദ്ധതി. കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുര്‍വേദ ഡിസ്‌പെന്‍സറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ചുള്ള ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ വഴി ജില്ലയില്‍ വിദേശത്ത് നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ തിരികെ എത്തി ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ അമൃതം പദ്ധതിയിലൂടെ നല്‍കും. മൂന്ന് കൂട്ടം മരുന്നുകളും അണുനശീകരണത്തിന് പുകയ്ക്കുവാനുള്ള അപരാജിത ധൂമ ചൂര്‍ണവുമാണ് 14 ദിവസത്തേക്ക് നല്‍കുന്നത്. ഇതോടൊപ്പം ജീവിതശൈലീ ക്രമീകരണത്തിനുള്ള നിര്‍ദേശങ്ങള്‍ കൂടി നല്‍കും. മരുന്ന് കഴിക്കുന്നവരുടെ പ്രതിരോധ ശേഷിയും, ആരോഗ്യസ്ഥിതിയും ആയുര്‍രക്ഷ ടാസ്‌ക് ഫോസുകള്‍ വഴി നിരിക്ഷിക്കും. ജില്ലയിലെ അഞ്ച് ആയുര്‍വേദ ആശുപത്രികളും 46 ഡിസ്‌പെന്‍സറികളുമടങ്ങുന്ന ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ വഴി ഇതിനകം തന്നെ ജില്ലയില്‍ 1100 ഓളം ആളുകളില്‍ അമൃതം പദ്ധതിയുടെ ഭാഗമായി മരുന്നുകള്‍ വിതരണം ചെയ്തു.

മരുന്നുകള്‍ക്കൊപ്പം ടെലി കൗണ്‍സിലിങ്ങും

പ്രതിരോധ മരുന്ന് കഴിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മാത്രമാണ് ചികിത്സ ലഭ്യമാക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഫോണുകളില്‍ ബന്ധപ്പെട്ട് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വയോധികര്‍ സഥിരമായി മരുന്ന് കഴിക്കുന്നവര്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ശാരീരിക നിലയ്ക്കനുസരിച്ചാണ് മരുന്നുകള്‍ നിശ്ചയിക്കുന്നത്. 14 ദിവസത്തെ മരുന്നിനു ശേഷം തുടര്‍ന്നുള്ള ശരീര സംബന്ധമായ മാറ്റങ്ങള്‍ മനസിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കുമായി ടെലി കൗണ്‍സിലിങ്ങും നല്‍കി വരുന്നു. നിരീക്ഷണത്തിലിരിക്കെ മരുന്ന് ഉപയോഗിച്ച വ്യക്തി, കോവിഡ് 19 പോസിറ്റീവ് ആയാലും നിരീക്ഷണം തുടരും. അമൃതം പദ്ധതിയില്‍ ഉള്‍പ്പെട്ട് ചികിത്സ നടത്തിയ ആളുകളില്‍ കോവിഡ് സ്ഥിതികരിച്ചിട്ടുണ്ടങ്കിലും കോവിഡ് രോഗ ബാധയുടെതായ യാതൊരു ശാരീരിക ബുദ്ധിമുട്ടുകളോ ലക്ഷണങ്ങളോ ഇല്ലായിരുന്നുവെന്ന് ജില്ല ആയുര്‍വ്വേദ ഡിഎംഒ സ്റ്റെല്ല ഡേവിഡ് പറഞ്ഞു. അമൃതം പദ്ധതിക്ക് പുറമെ കോവിഡ് മുക്തരായവര്‍ക്കുള്ള പൂനര്‍ജനി പദ്ധതി, രോഗ പ്രതിരോധശഷി കൂട്ടാനുള്ള സ്വാസ്ഥ്യം പദ്ധതി, സുഖായുഷ്യം പദ്ധതി എന്നിവയും വിജയകരമായി നടപ്പാക്കുന്നു.  

പുനര്‍ജനി പദ്ധതി

കോവിഡ് 19 രോഗമുക്തരായവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയാണ് പുനര്‍ജനി. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തുന്ന രോഗികള്‍ക്ക് അവരുടെ രോഗ പ്രതിരോധശേഷി വീണ്ടെടുക്കാനുള്ള മരുന്നുകളും ജീവിത ശൈലി ക്രമീകരണവും ഈ പദ്ധതി വഴി ലഭ്യമാക്കും. 90 ദിവസത്തേക്കാണ് ചികിത്സ. പ്രതിരോധ മരുന്ന് കഴിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. നിലവില്‍ 18 പേര്‍ക്ക് ഈ സേവനം നല്‍കിവരുന്നു.

സ്വാസ്ഥ്യം പദ്ധതി

ആയുര്‍വേദ മരുന്നുകളുടെ ഉപയോഗത്തിലൂടെയും വ്യായാമത്തിലൂടെയും മാനസികശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സേവനമാണ് സ്വാസ്ഥ്യം പദ്ധതിയിലൂടെ ഭാരതീയ ചികിത്സ വകുപ്പും ആയുഷും നല്‍കുന്നത്. 60 വയസില്‍ താഴെയുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ ഫലപ്രദമാണ് ഈ പദ്ധതി.ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ വഴി  സ്വാസ്ഥ്യം പദ്ധതിയുടെ സേവനങ്ങള്‍ ലഭിക്കും.

സുഖായുഷ്യം പദ്ധതി

വയോജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സുഖായുഷ്യം പദ്ധതിയുമായി ഭാരതീയ ചികിത്സാ വകുപ്പ്. കോവിഡ് 19 വൈറസ് ബാധ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത 60 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് ആയതിനാലാണ് അവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണു സുഖായുഷ്യം. വയോജനങ്ങള്‍ക്ക് അവരുടെ ആരോഗ്യ സ്ഥിതിയും അവര്‍ തുടര്‍ന്നുപോരുന്ന ചികിത്സയും പരിഗണിച്ചായിരിക്കും മരുന്നുകള്‍ ലഭ്യമാക്കുന്നത്. സുഖായുഷ്യം പദ്ധതിയിലൂടെ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കേഴ്‌സ് എന്നിവര്‍ വഴി  മരുന്നുകള്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്നു.