കൊടുങ്ങല്ലൂര്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഇനി യൂണിഫോമില്‍

post

തൃശൂര്‍: സിവില്‍ ഡിഫന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താദ്യമായി സ്റ്റേഷന്‍തല പരിശീലനം പൂര്‍ത്തിയാക്കിയ കൊടുങ്ങല്ലൂരിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഇനി മുതല്‍ യൂണിഫോമില്‍. കൊടുങ്ങല്ലൂര്‍ അഗ്‌നി രക്ഷാനിലയത്തിന് കീഴിലെ 50 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള യൂണിഫോം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ. വിതരണം ചെയ്തു. അഷിതോഷ് പനക്കലിന് യൂണിഫോം നല്‍കിയാണ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തീപിടുത്തങ്ങള്‍ മറ്റ് അപകടങ്ങളും നേരിടാന്‍ അഗ്‌നിരക്ഷാസേന രൂപംകൊടുത്ത പദ്ധതിയാണ് സിവില്‍ ഡിഫന്‍സ് പദ്ധതി. 

കൊടുങ്ങല്ലൂരില്‍ പരിശീലനത്തിനിടെ കോട്ടപ്പുറത്ത് പോലീസ് കസ്റ്റഡിയിലെ 50 വാഹനങ്ങള്‍ക്ക് തീ പിടിച്ചപ്പോള്‍ സേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. കൊടുങ്ങല്ലൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍ കീഴില്‍ ഓണ്‍ലൈന്‍ വഴി പരിശീലനത്തിന് അപേക്ഷിച്ച്, ആറു ദിവസത്തിനുള്ളിലാണ് സംസ്ഥാനത്ത് ആദ്യമായി സ്റ്റേഷന്‍ തല പരിശീലനം ഇവര്‍ പൂര്‍ത്തിയാക്കിയത്. 

ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള സേഫ്റ്റി ബാഗും പ്രഥമശുശ്രൂഷാ പെട്ടിയും സി ടി വിഷ്ണുവിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ കൈമാറി. ജില്ലാ ഫയര്‍ ഓഫീസര്‍ കെ എം അഷറഫ് അലി അധ്യക്ഷത വഹിച്ചു. 

കോവിഡ് പ്രതിരോധത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചവര്‍ക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ സദ്‌സേവന പത്രം ലഭിച്ച പോസ്റ്റ് വാര്‍ഡന്‍ കെ എം അബ്ദുല്‍ ജമാല്‍, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ മുഹമ്മദ് ഹബീബുള്ള, പിഎം ഷിഹാബ്, കെ എം മുഹമ്മദ് റാസിക് സി ടി വിഷ്ണു, അഷിതോഷ് പനക്കല്‍, സിആര്‍ മുഹമ്മദ് റമീസ്, എന്‍ ഐ നിസാര്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപ്പല്‍ സ്ഥിരം സമിതി ചെയര്‍മാന്‍ സി കെ രാമനാഥന്‍, സ്റ്റേഷന്‍ ഓഫീസര്‍ എം രാജേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.