തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കുന്നത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ -മന്ത്രി ഇ.പി ജയരാജന്‍

post

തിരുവനന്തപുരം: തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നത് കുട്ടനാട്ടിലും പരിസരത്തും വെള്ളപ്പൊക്കക്കെടുതി ഒഴിവാക്കാനാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണല്‍ അടിഞ്ഞുകൂടിയതിനാല്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത്  കുട്ടനാട്ടിലും പരിസരത്തും വെള്ളപ്പൊക്കക്കെടുതിയ്ക്ക് ഇടവരുത്തുന്നു. ഈ ദുരിതം ഒഴിവാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണമാണ്  മണല്‍ നീക്കുന്നത്.

  സംസ്ഥാനത്തിന്റെ സമ്പത്ത് സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. തോട്ടപ്പള്ളിയില്‍ അടിഞ്ഞുകൂടിയ മണല്‍ ധാതുക്കള്‍ അടങ്ങിയതാണ്. കേന്ദ്ര നിയമപ്രകാരം ധാതുക്കള്‍ അടങ്ങിയ മണ്ണ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ അനുമതിയുള്ളൂ. മറ്റാര്‍ക്കും ഈ മണല്‍ വാങ്ങാനുമാകില്ല. അതുപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന് കീഴിലെ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് (ഐആര്‍ഇ), സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) എന്നീ സ്ഥാപനങ്ങള്‍ക്ക് മണ്ണ് നീക്കാന്‍ അനുമതി നല്‍കിയത്. ഇത് ഖനനപ്രവര്‍ത്തനമല്ല.

2018 ലെ പ്രളയത്തിലും 2019 ലെ കാലവര്‍ഷക്കെടുതിയിലും കുട്ടനാടന്‍ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. വ്യാപക കൃഷിനാശം ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായി. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടതിനാലാണിതെന്ന് തെളിഞ്ഞു. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനും ചെന്നൈ ഐ ഐ ടിയും നടത്തിയ പഠനങ്ങളില്‍ സ്പില്‍വേയില്‍ അടിഞ്ഞ മണ്ണ് നീക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.  പൊഴി മുറിക്കുകയും മണല്‍നീക്കം ചെയ്യുകയും ചെയ്ത് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയാലേ വെള്ളപ്പൊക്കത്തില്‍ നിന്ന് സമീപപ്രദേശങ്ങളെ രക്ഷിക്കാനാകു. ഇതിന് 2 ലക്ഷം ക്യുബിക്ക് മീറ്റര്‍ മണ്ണ് നീക്കണം.

കഴിഞ്ഞ മാസമാണ് കെഎംഎംഎല്‍ തോട്ടപ്പള്ളിയില്‍നിന്ന് മണല്‍ നീക്കാന്‍ തുടങ്ങിയത്. ഇത് ചോദ്യം  ചെയ്ത് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി മണല്‍ നീക്കാന്‍ അനുമതി നല്‍കി. നിലവില്‍ മണ്ണ് ഡ്രഡ്ജ് ചെയ്ത് സ്പില്‍വേയുടെ വടക്കു ഭാഗത്തും തെക്കു ഭാഗത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. തെക്ക് ഭാഗത്തുനിന്ന് ഒന്നര ലക്ഷത്തോളം ടണ്‍ മണ്ണ് മാറ്റിയപ്പോഴാണ് സമരങ്ങള്‍ ആരംഭിച്ചത്്.  കരയില്‍ കൂട്ടിയിട്ട മണ്ണ് മഴ കനത്താല്‍ കടലിലേക്ക് ഒഴുകിപ്പോകും. ഈ അമൂല്യ സമ്പത്ത് ഇത്തരത്തില്‍ നഷ്ടമാകാന്‍  അനുവദിക്കില്ല. വെള്ളപ്പൊക്ക പ്രതിരോധ നടപടികള്‍ക്ക് തുരങ്കംവെച്ച്  സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് മണല്‍ നീക്കം തടയുന്നവരുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  കേരളത്തിന് കിട്ടിയ സമ്പത്തായ കരിമണല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി നാടിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാക്കണം. കുടുതല്‍ ആളുകള്‍ക്ക് ജോലി ലഭിക്കുന്ന സംരംഭങ്ങള്‍ നല്‍കി നാടിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ഭൂമിയുടെ പേരില്‍ ഉയര്‍ത്തുന്ന വിവാദം തികച്ചും അടിസ്ഥാനരഹിതമെന്നും മന്ത്രി പ്രതികരിച്ചു. പ്രദേശത്ത് കളിമണ്‍ ഖനനം നടത്താനുള്ള ആവശ്യവുമായി വ്യവസായ വകുപ്പ് ഐ ടി വകുപ്പിനെ സമീപിച്ചിട്ടില്ല. അതിന് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി