ജില്ലാ ആശുപത്രിക്ക് കിഫ്ബിയില്‍ പുതിയ ഒപി ബ്ലോക്ക്

post

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആധുനിക ബ്ലോക്ക് നിര്‍മിക്കാന്‍ പദ്ധതി തയാറാകുന്നു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറിന് വീണാ ജോര്‍ജ് എംഎല്‍എ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് വികസനത്തിനായി കോഴഞ്ചേരി ആശുപത്രി ആരോഗ്യ വകുപ്പ് തെരഞ്ഞെടുത്തത്. ഒപി, കാഷ്വാലിറ്റി, ഡയഗനോസ്റ്റിക് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബ്ലോക്കിനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി  നല്‍കിയിരിക്കുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു.

  ഇപ്പോഴത്തെ കാഷ്വാലിറ്റി വിഭാഗം നില്‍ക്കുന്ന സ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മിക്കാനാണ് പ്ലാനും, എസ്റ്റിമേറ്റും തയാറാക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടത്തിലാണ് കാഷ്വാലിറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30 കോടി രൂപയ്ക്കടുത്താണ് എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്നത്. അവിടെ നിര്‍മിക്കാന്‍ കഴിയുന്ന പരമാവധി നിലകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പ്ലാന്‍ തയാറാക്കുന്നത്. ഹൈറ്റ്‌സിനാണ് (HITES) നിര്‍മാണച്ചുമതല. പ്ലാന്‍ തയാറാക്കുന്നതിനായി ഹൈറ്റ്‌സിന്റെ സാങ്കേതിക വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.  ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുള്ളതിനാല്‍ പുതിയ ഒ പി ബ്ലോക്ക് ഏറ്റവും പ്രയോജനപ്പെടുമെന്ന് എംഎല്‍എ പറഞ്ഞു. 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാത്ത് ലാബും, ഐസിയുവും നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതുകൂടാതെ ജനറല്‍ ആശുപത്രിയില്‍ ഒപി ബ്ലോക്കിന് വേണ്ടി സംസ്ഥാന ബജറ്റില്‍ നാലു കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണത്തിനായി ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.