വയോജനങ്ങള്‍ക്ക് 'ഗ്രാന്റ് കെയര്‍' ഒരുക്കി കുടുംബശ്രീ

post

കാസര്‍കോട്: കോവിഡ്കാലത്ത് അതീവശ്രദ്ധ വേണ്ട വയോജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍' പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. രോഗവ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍  വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. വയോജനങ്ങളുടെ മാനസിക -ശാരീരിക പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനും ഗ്രാന്റ് കെയര്‍ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഇതുവഴി കോവിഡ് രോഗ ലക്ഷണമുള്ളവരായ വയോജനങ്ങളെ വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാനായാല്‍ ജീവന്‍ രക്ഷിക്കാനാകും. കുടുംബശ്രീയും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ അങ്കണവാടി പ്രവര്‍ത്തകര്‍,ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേരിട്ടുള്ള സഹകരണം ഉറപ്പാക്കുന്ന കാസര്‍കോട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ആദ്യഘട്ടപ്രവര്‍ത്തനത്തനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ വന്‍ സ്വീകാര്യതയാണ്.ഓരോ കുടുംബശ്രീ അംഗങ്ങളും അവരുടെ കൂട്ടായ്മയിലുള്ളതും പുറത്തുനിന്നുള്ളതുമായ വയോജനങ്ങളെ നേരിട്ട് ബോധവത്ക്കരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു. ഓരോ അയല്‍ക്കൂട്ടങ്ങളിലും പദ്ധതിയെ കുറിച്ചും കോവിഡ് കാലത്ത്  വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ ചെയ്യാനാകുന്ന പ്രവര്‍ത്തനചര്‍ച്ചകളും ബോധവല്‍കരണത്തിന്റെ ഭാഗമായി പോസ്റ്ററുകള്‍ തയ്യാറാക്കി വയോജനങ്ങളുള്ള വീടുകളിലും പൊതുയിടങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഗ്രാന്റ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാന്റ്‌കെയര്‍ ആപ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓരോ പഞ്ചായത്തുകളിലും നിയോഗിച്ച റിസോഴ്‌സ് പേഴ്‌സണ്‍ പഞ്ചായത്തിലെ മുഴുവന്‍ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം സംബന്ധിച്ച വിവരങ്ങളും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഗ്രാന്റ് കെയര്‍ ആപ്പുകള്‍ വഴി വിവരങ്ങള്‍ ശേഖരിക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ വിവരങ്ങള്‍ ആശവര്‍ക്കര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിച്ച് കൃത്യമായ ചികിത്സയും ഉറപ്പാക്കുന്നതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേള്‍ക്ത ടി ടി സുരേന്ദ്രന്‍ അറിയിച്ചു.