കുറ്റിമുല്ല കൃഷിയുമായി ആര്യാട് പഞ്ചായത്തിലെ വനിത കാര്‍ഷിക സംഘം

post

ആലപ്പുഴ: സംയോജിത കൃഷിരീതിയില്‍ മികച്ച നേട്ടം കൊയ്തതിനു പിന്നാലെ കുറ്റിമുല്ല കൃഷിയുമായി ആര്യാട് ഗ്രാമപഞ്ചായത്ത്. കൃഷിയില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തോടെ ആര്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'സമന്വയ' വനിത കാര്‍ഷിക സംഘങ്ങളാണ് കുറ്റിമുല്ല കൃഷി ചെയ്യുന്നത്. 

2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 'മുറ്റത്തെ മുല്ല' എന്നു പേരിട്ടിരിക്കുന്ന കൃഷി ചെയ്യുന്നത്. സമന്വയ കാര്‍ഷിക സംഘത്തിലെ 106 വനിതാ ഗ്രൂപ്പുകളാണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. പതിനായിരത്തോളം കുറ്റിമുല്ല തൈകള്‍ ഇതിനായി വിതരണം ചെയ്തു കഴിഞ്ഞു. മുല്ല തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് നിര്‍വഹിച്ചു.

ഓരോ ഗ്രൂപ്പിനും 100 തൈകള്‍ വീതമാണ് നല്‍കുന്നത്. പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളില്‍ നിന്നുള്ള എണ്ണൂറോളം സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സമന്വയ വനിതാ കാര്‍ഷിക സംഘത്തിന്റെ പ്രവര്‍ത്തനം. വാര്‍ഡുതല മോണിറ്ററിങ് സമിതിക്ക് പുറമേ പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, കൃഷി ഓഫീസര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന പ്രതിമാസ അവലോകന യോഗവും സമന്വയ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.