കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി എന്റെ മണിമലയാര്‍ പദ്ധതി

post

പത്തനംതിട്ട:  പുറമറ്റം ഗ്രാമപഞ്ചായത്തിലെ മണിമലയാറിന്റെ തീരത്ത് പുഴയോര വനസംരക്ഷണ പദ്ധതിയും പ്രകൃതി സൗഹൃദ കായിക പരിശീലന കേന്ദ്രവും ഒരുക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റേയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ജില്ലാതല ആലോചന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  മണിമലയാറിന്റെ തീരം സംരക്ഷിക്കുന്നതിന് വേണ്ടിയും ജൈവവൈവിദ്ധ്യ ഉദ്യാനം നിര്‍മിക്കുവാനും കൂടാതെ സെന്റ് ജോണ്‍സ് ഇരവിപേരൂര്‍ സ്‌കൂളിലെ കായിക വിദ്യാര്‍ത്ഥികള്‍ക്ക് മെഡിറ്റേഷന്‍ അടക്കമുള്ള സൗകര്യം ഒരുക്കുവാനും നിര്‍ദ്ദേശം ഉണ്ടായി. വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ വകയായി ഫണ്ട് വകയിരുത്താമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അറിയിച്ചു. ഇവിടെ നൂതന കാര്‍ഷിക പദ്ധതി സാധ്യമാകുമെന്നും കൂടാതെ ക്ഷീര, മൃഗ പച്ചക്കറി കൃഷിയുടെ സംയോജിത സാധ്യത കൂടുതലാണെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച എസ്.വി സുബിന്‍ പറഞ്ഞു. 

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഓരോ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന നൂതന പദ്ധതികളില്‍ ഈ പദ്ധതിയെ പരിഗണിച്ച് അതിനുള്ള പ്രത്യേക ഫണ്ട് വകയിരുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു പറഞ്ഞു. കൂടാതെ പദ്ധതിയെ വിജയകരമായി നടപ്പിലാക്കുവാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാനും അതിന് മുന്നോടിയായി കോര്‍ കമ്മിറ്റി ജൂലൈ 1ന് ചേരുമെന്നും അദ്ദേഹം പറഞ്ഞു. 

കായികവിദ്യാര്‍ഥികളുടെ ജീവനോപാധി ഉറപ്പാക്കുവാനാണ് വിവിധ വകുപ്പുകളെ ഈ പദ്ധതിയില്‍ സംയോജിപ്പിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം ഉറപ്പാക്കുവാനും മികച്ച കായിക സംസ്‌കാരമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും അതുവഴി കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുവാനും ഈ പദ്ധതിലൂടെ സാധിക്കുമെന്ന് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക അധ്യാപകന്‍ അനീഷ് തോമസ് പറഞ്ഞു.

 ഈ പ്രദേശത്ത് മുട്ടക്കോഴി വളര്‍ത്തല്‍ സാധ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൂടാതെ ഇവിടെ തീറ്റപ്പുല്‍ കൃഷി ചെയ്യുവാന്‍ സാധിക്കുമെന്നും സ്റ്റുഡന്റ്‌സ് ഡെയറി ക്ലബ് വഴി ഇതിന്റെ സംരക്ഷണം ഉറപ്പാക്കുവാന്‍ 25000 രൂപ നല്‍കാമെന്നും ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

തീരസംരക്ഷണത്തിനായി 200 മീറ്റര്‍ നീളത്തില്‍ പാറ ഉപയോഗിച്ച് ഒരു മീറ്റര്‍ പ്രൊട്ടക്ഷന്‍ വാള്‍ നിര്‍മ്മിച്ച് അതിന് മുകളില്‍ ജിയോടെക്‌സ്‌ടൈല്‍ ചെയ്യാമെന്ന് ഇറിഗേഷന്‍ വകുപ്പ് അസി.എഞ്ചിനീയര്‍ പറഞ്ഞു. നിലവിലുളള മരങ്ങള്‍, സസ്യങ്ങള്‍ എന്നിവയെ തിരിച്ചറിഞ്ഞ് ഇവ കൂടാതെ പുതിയതായി ഇനി ആവശ്യമുളള വൃക്ഷങ്ങളും സസ്യങ്ങളും കണ്ടെത്തി തീരസംരക്ഷണം ഉറപ്പാക്കുവാനും, 52 ഇനം മുളകളും, അപൂര്‍വയിനത്തില്‍പ്പെട്ട മരങ്ങളും വച്ചുപിടിപ്പിയ്ക്കുവാന്‍ സാധിക്കുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്്ട് ഡയറക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ സഹായത്തോടുകൂടി ഫിഷറീസ് വകുപ്പ് വഴി പടുത, കോണ്‍ക്രീറ്റിംഗ്, കോണ്‍ക്രീറ്റ് ടാങ്ക് ഉപയോഗിച്ച് കുളം നിര്‍മിക്കാനും അലങ്കാര മത്സ്യകൃഷി ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിക്കും. നദീതീരം സംരക്ഷിക്കുക, കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ ഉറപ്പുവരുത്തുക, വിവിധ ഏജന്‍സികളെ ഉപയോഗിച്ച് സംരക്ഷണം ഉറപ്പാക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക എന്നീ തീരുമാനങ്ങള്‍ കൈകൊണ്ടു.

 ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി, ബ്ലോക്ക് പഞ്ചയാത്ത് അംഗം ജിജി മാത്യു,     പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാര്‍, പുറമറ്റം ഗ്രാമപഞ്ചായത്തംഗം സജി ചാക്കോ,  ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ.തോമസ് എബ്രഹാം, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ഇറിഗേഷന്‍ അസി.എഞ്ചിനീയര്‍ അബ്ദുള്‍ സലാം എം, ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസര്‍ മറിയാമ്മ ജോസഫ്, ജില്ലാ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥന്‍ രതീഷ് ആര്‍, പുറമറ്റം പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീലത പി ബി,  ബിഎഎം കോളേജ് ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. റോബി എ.ജെ, ഇരവിപേരൂര്‍ സെന്റ്:ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകന്‍ അനീഷ് തോമസ്, സെന്റ്:ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഹരിതകേരളം മിഷന്‍ വൈ.പി മാരായ ആഷ്‌ന നാസര്‍, ബെറ്റ്‌സി ബാബു  തുടങ്ങിയവര്‍ പങ്കെടുത്തു.