സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്

post

ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം 

തിരുവനന്തപുരം: 24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടനാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്പാനിഷ് ചിത്രമായ അവര്‍ മദേഴ്‌സിന്റെ സംവിധായകനായ സീസര്‍ ഡയസ് നേടി.

മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ബോറിസ് ലോജ്‌കെയ്ന്‍ സംവിധാനം ചെയ്ത കാമിലും ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. - കെ. ആര്‍. മോഹനന്‍ പുരസ്‌കാരം ഫാഹിം ഇര്‍ഷാദിനാണ്. (ചിത്രം ആനിമാനി). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനിമാനിക്കാണ്. 

മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശത്തിന് മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് അര്‍ഹമായി.

ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി 

ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വെല്ലുവിളികളില്‍ ഇന്ത്യ മുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാന്‍ പോകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാലാമാത് രാജ്യാന്തര ചലചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതികരിച്ചതിന് വെടിയേറ്റപ്പോള്‍ അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് പറഞ്ഞതും ഇതുതന്നെയാണ്. ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി തുടങ്ങിയവര്‍ കൊല ചെയ്യപ്പെട്ട നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സൊളാനസിന്റെ സാന്നിധ്യം ഊര്‍ജ്ജം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏകയിടം കേരളമാണ്. പ്രകാശ് രാജിനെപ്പോലുള്ളവര്‍ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പമാണ് കേരളത്തിന്റെ മേള എക്കാലത്തും നിലകൊണ്ടിട്ടുളളത്. നമ്മുടെ സാംസ്‌ക്കാരിക പോരാട്ടമാണ് ഈ ചലച്ചിത്ര മേള. അതിന്  അടിവരയിട്ടുകൊണ്ടാണ് സൊളാനസിന് ആജീവനാന്ത പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഫെര്‍ണാന്‍ഡോ സൊളാനസിന് മുഖ്യമന്ത്രി ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരുന്നു. മേയര്‍ കെ ശ്രീകുമാര്‍, കെ റ്റി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, റാണി ജോര്‍ജ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.