ശബരിമലയില്‍ മണ്ഡലപൂജ ഡിസംബര്‍ 27ന്

post

27ന് രാത്രി ക്ഷേത്രനട അടയ്ക്കും
മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും

പത്തനംതിട്ട: ശബരിമല അയ്യപ്പസന്നിധിയിലെ ഈ വര്‍ഷത്തെ മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. 27ന് രാവിലെ മൂന്നിന് നടതുറക്കും. 3.15 മുതല്‍ 9.30 വരെ മാത്രമെ അന്ന് നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂ. രാവിലെ 10 നും 11.40 നും ഇടയ്ക്കുള്ള കുഭം രാശിയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. വൈകുന്നേരം 6.30ന് ദീപാരാധന. രാത്രി 9.30ന് അത്താഴപൂജ.10.50ന് ഹരിവരാസനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും. ഡിസംബര്‍ 26ന് വൈകുന്നേരം തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് ആനയിയ്ക്കും. തുടര്‍ന്ന് അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ഡിസംബര്‍

26ന് സൂര്യഗ്രഹണം ആയതിനാല്‍ രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്ര നട അടച്ചിടും. തുടര്‍ന്ന് ശുദ്ധികലശവും പുണ്യാഹവും നടത്തിയ ശേഷമേ ക്ഷേത്രനട ദര്‍ശനത്തിനായി തുറന്നുകൊടുക്കൂ. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് 27 ദിവസം പിന്നിടുമ്പോള്‍ വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മകരവിളക്ക് ഉല്‍സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ച് മണിക്ക് ആണ് ക്ഷേത്രനട തുറക്കുക. 2020 ജനുവരി 15 നാണ് മകരവിളക്ക്.