ശ്രദ്ധേയമായി ഞാറ്റുവേല ചന്തയും കര്‍ഷക സഭയും

post

ഇടുക്കി : കാര്‍ഷിക ചക്രത്തിന് പ്രാധാന്യമേകുന്ന തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി തൊടുപുഴയില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ നഗരസഭാ കൃഷി ഭവനില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ജില്ലാതല ഉദ്ഘാടനം  അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ നല്‍കി നിര്‍വ്വഹിച്ചു.  കൃഷിക്ക് അനുയോജ്യമായ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് 15 ദിവസം വരുന്ന തിരുവാതിര ഞാറ്റുവേല. 27 നക്ഷത്രങ്ങളുടെ പേരിലാണ് 27 ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. സൂര്യനുമായി ബന്ധപ്പെടുത്തി ഞാറ്റുവേലകളെ തരം തിരിച്ചിരിക്കുന്നു. സൂര്യന് ഒരു നക്ഷത്ര ഭാഗം കടന്നു പോകാന്‍ എത്ര കാലയളവ് വേണം എന്നതാണ് ഒരു ഞാറ്റുവേല കാലയളവ്. കേരളീയര്‍ ഞാറ്റുവേലക്കൊത്ത് കാര്‍ഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിചച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിര്‍ണ്ണയിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഞാറ്റുവേല സങ്കല്പം.പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ പാതി വിലക്കും കുരുമുളക്, ഫലവൃക്ഷത്തൈകള്‍, പച്ചക്കറി തൈകള്‍ എന്നിവ സൗജന്യമായും  വിതരണവും ചെയ്തു.

തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സിസിലി ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുലോചന.വി.റ്റി. സ്വാഗതമാശംസിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ മാഗി മെറീന പദ്ധതി വിശദീകരിച്ചു. നോഡല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ കൃതജ്ഞത പറഞ്ഞു. ജില്ലാ തലത്തിലുള്ള അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍, അഗ്രോ സര്‍വ്വീസ് സെന്റര്‍ അംഗങ്ങള്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.