കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന 'കര്‍ഷക സഭയയും ഞാറ്റുവേല ചന്തയും' ആറന്മുള നിയോജകമണ്ഡലതല  ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കി  സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. 

അശ്വതി ഞാറ്റുവേല (ഏപ്രില്‍ 14) മുതല്‍ തിരുവാതിര ഞാറ്റുവേല (ജൂലൈ 4) വരെ നീണ്ടുനില്‍ക്കുന്ന രണ്ടര മാസക്കാലയളവിലാണ് പ്രത്യേക 'കര്‍ഷക സഭകളും ഞാറ്റുവേല ചന്തകളും' ക്രമീകരിക്കുന്നത്. കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടെയും സേവനം താഴെത്തട്ടില്‍ എത്തിക്കുക, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് അനുയോജ്യമായ സമയത്ത്  ലഭ്യമാക്കുക. കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് സുതാര്യമായ ആസൂത്രണം ചെയ്യുന്നതിലൂടെ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍.സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈകള്‍, വാഴ വിത്തുകള്‍, തെങ്ങിന്‍ തൈകള്‍, ഫല വൃക്ഷത്തൈകള്‍ തുടങ്ങിയവയുടെ വിതരണവും നടത്തി.

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വത്സമ്മ മാത്യു, ബിജിലി പി ഈശോ, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തോമസ് പഞ്ചായത്ത് അംഗങ്ങളായ സാംസണ്‍ തെക്കേതില്‍, ഷിബി ആനി ജോര്‍ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷീലാ എ.ഡി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ ഏബ്രഹാം, ഇലന്തൂര്‍ കൃഷി ഓഫീസര്‍ നിമിഷ സാറാ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.