കുന്നംകുളത്ത് താലൂക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കും

post

തൃശൂര്‍: കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കന്‍ പാറയില്‍ 10 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ. സി. മൊയ്തീന്‍ അറിയിച്ചു. കുന്നംകുളത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നവീന രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശവും അതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.

നാലേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരം 37,000 ചതുരശ്ര അടിയില്‍ അഞ്ചു നിലകളിലാണ് നിര്‍മ്മിക്കുക. ഇതിന്റെ ചുറ്റുമതിലിന്റെ നിര്‍മ്മാണമാണ് ആദ്യം ആരംഭിക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള നിര്‍മ്മാണ രീതിയാണ് നടത്തുക. നവീന രീതിയിലുള്ള കവാടം, പാര്‍ക്കിങ്, പൂന്തോട്ടം, ലാന്റ് സ്‌കേപ്പിങ്, രണ്ടാം ഗേറ്റ് എന്നിവയും ഉണ്ടാകും. കെട്ടിടത്തിനുള്ളില്‍ നിശ്ചിത സ്ഥലത്ത് വിവിധ ഓഫീസുകളെ ഉള്‍പ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സ് ഹാളുമുണ്ടാകും. കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തനത്തിന് മാത്രം 8,500 ചതുരശ്ര അടി സ്ഥലം മാറ്റിവെയ്ക്കും. കെട്ടിടത്തോട് ചേര്‍ന്ന് മറ്റൊരു കെട്ടിടത്തില്‍ കാന്റീനും ഉണ്ടാകും. കോംപൗണ്ടിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ടോയ്‌ലറ്റ് ബ്ലോക്കും നിര്‍മ്മിക്കും.

കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമീപത്തെ രണ്ട് വീട്ടുകാരെയും ശില്പ നിര്‍മ്മാണ തൊഴിലാളികളെയും പുനരധിവസിപ്പിക്കും. മുറിച്ചിട്ട മരങ്ങള്‍ ലേലം ചെയ്യും. നിര്‍മ്മാണ സ്ഥലത്ത് ഈയാഴ്ചയില്‍ രണ്ടു ദിവസം മണ്ണുപരിശോധനയും നടക്കും. നിലവിലുള്ള മിനി സിവില്‍ സ്റ്റേഷനില്‍ ലോക്കപ്പ് അടക്കമുള്ള സൗകര്യത്തോടെ എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യതയും മന്ത്രി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനും പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു.

കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി. എം. സുരേഷ്, താലൂക്ക് ആസ്ഥാന മന്ദിരം തഹസില്‍ദാര്‍ കെ. വിനോദ്, എ ഇ ആഷ, ആര്‍ക്കിടെക്ചര്‍ സുനി, എ എക്‌സ് ഇ ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.