പ്രതിഭാതീരം വിദ്യാഭ്യാസ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും

post

ആലപ്പുഴ : കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി ആരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ പറഞ്ഞു. കെഎസ്എഫ്ഇ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള മത്സ്യഫെഡ് ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്എഫ്ഇ സഹായത്തോടെയാണ് പ്രതിഭാതീരം പദ്ധതിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തീരദേശ മേഖലയിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ ഉന്നമനമാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്.  ഇതിനായി വിവിധ പദ്ധതികളാണ് മത്സ്യഫെഡ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലമായതിനാല്‍ തന്നെ രാജ്യത്തെ വിഭ്യാഭ്യാസ മേഖലയെയും കുട്ടികളുടെ പഠനവും അനിശ്ചിതത്വത്തിലാവും എന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളം ഇതിനെ അതിജീവിക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ പഠന പദ്ധതികള്‍ വന്‍വിജയമാണെന്നും കുട്ടികള്‍ക്ക് ഉപകാരപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പായല്‍കുളങ്ങര എവര്‍ഷൈന്‍ വായനശാല, പുറക്കാട് തരംഗം വായനശാല, വലിയഴീക്കല്‍ സമീക്ഷ സാംസ്‌കാരിക വേദി, വലിയഴീക്കല്‍  ശ്രീമുരുക, വലിയഴീക്കല്‍ തണല്‍ ഗ്രന്ഥശാല, കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാള്‍, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാള്‍, പതിയാങ്കര - പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാള്‍ എന്നിവിടങ്ങളിലാണ് പുതുതായി ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. മത്സ്യഫെഡ് ജില്ലാ ഡെപ്യുട്ടി മാനേജര്‍ കെ സജീവന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബബിതാ ജയന്‍, ഏ ആര്‍ കണ്ണന്‍, കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എസ് ബിനു, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ തമ്പി, പതിയാങ്കര - പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ചെല്ലപ്പന്‍, തറയില്‍ക്കടവ് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് സുനില്‍, മത്സ്യഫെഡ് പ്രോജക്റ്റ് ഓഫീസര്‍മാരായ നീതു, ഷാന തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു സംസാരിച്ചു.