കുഞ്ഞിളം ചുണ്ടുകളില്‍ മധുരപ്പാല്‍ നല്‍കി വനിതാ ശിശു വികസന വകുപ്പ്

post

കാസര്‍കോട് : സമ്പുഷ്ട കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് മുതല്‍ ആറു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് 180 മില്ലിലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ അങ്കണ്‍വാടികളിലൂടെ അമൃതം പൊടി, തേനമൃത് ന്യൂട്രിബാര്‍ മിഠായി എന്നിവ നല്‍കി വരുന്നതിന് പുറമെയാണ് മില്‍മയുമായി സഹകരിച്ച് സര്‍ക്കാര്‍ പാല്‍ വിതരണം ചെയ്യുന്നത്.

    ജില്ലയില്‍ മൂന്ന് വയസ്സിനും ആറിനും ഇടയില്‍ പ്രായമുള്ള 21708 കുട്ടികള്‍ക്കാണ് പാല്‍ വിതരണം ചെയ്യുക. വിവിധ ബ്ലോക്കുകളില്‍ പാല്‍ വിതരണോത്ഘാടനം ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്നു. മില്‍മയുടെ കാസര്‍കോട് ഡയറിയാണ് പാല്‍ വിതരണം ചെയ്യുന്നത്.  ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്,കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  ശേഷം പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.