കോവിഡിനെതിരെ പോരാടാന്‍ ഇനി കുടുംബശ്രീ വനിതകളും

post

തണ്ണീര്‍മുക്കത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ആലപ്പുഴ : കോവിഡ് 19 - നെതിരെയുള്ള പോരാട്ടത്തില്‍ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും. തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ക്രാക്ക് ' എന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള കുടുംബശ്രീ റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ടീം ആണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രാക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം എ. എം ആരിഫ് എം പി നിര്‍വഹിച്ചു. കോവിഡ് കെയര്‍ സെന്ററുകള്‍ അണുനശീകരണം നടത്താന്‍ മുന്നോട്ടു വരിക എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യമാണെന്ന് ആരിഫ് പറഞ്ഞു. മനുഷ്യ നന്മയുള്ള ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ടു വന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും എം. പി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബംശ്രീ വനിതകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സ്വയം സന്നദ്ധത അറിയിച്ചു കുടുംബശ്രീ വനിതകള്‍ രംഗത്തെത്തുകയായിരുന്നു. സുധ, സലില, ഷേര്‍ലി, അജിത, ചന്ദ്ര ലക്ഷ്മി, മല്ലിക, മോളു, രേണുക എന്നിവരാണ് പദ്ധതിയുടെ ഭാഗമായി പ്രതിരോധ പരിശീലനം നേടിയ ക്രാക് ടീം അംഗങ്ങള്‍. ഇനി മുതല്‍ പഞ്ചായത്ത് പരിധിയിലെ കോവിഡ് കെയര്‍ സെന്ററുകള്‍, പൊതു സ്ഥലങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അണുനശീകരണ പ്രവര്‍ത്തങ്ങള്‍ ' ക്രാക്ക് ' ടീം ചെയ്യും.

പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ ഡ്രെസ്, കയ്യുറ, മാസ്‌ക്, ഹെല്‍മെറ്റ്, ബൂട്ട് എന്നിവ എല്ലാം ഗ്രാമ പഞ്ചായത്ത് നല്‍കും. ആരോഗ്യ പരിശോധന ഉള്‍പ്പെടെ നടത്തിയാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ള എട്ടു കുടുംബ ശ്രീ വനിതകളെയും തിരഞ്ഞെടുത്തിട്ടുള്ളത്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഉള്ള ആരോഗ്യ പരിരക്ഷ സി ഡി എസ് വഴി ഉറപ്പാക്കിയിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ് ജ്യോതിസ് പറഞ്ഞു.

പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബു, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധു വിനു, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ രമാമദനന്‍, സുധര്‍മ്മസന്തോഷ്, ബിനിത മനോജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി ആന്റണി , സാനുസുധീന്ദ്രന്‍, കെ.ജെ സെബാസ്റ്റ്യന്‍, സുനിമോള്‍ പ്രസന്നകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.