നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റ് റാങ്കിങ്ങ്: കേരളത്തിന് രണ്ടാം സ്ഥാനം

post

തിരുവനന്തപുരം: നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്റെ പുതിയ റാങ്കിങ്ങിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2020 ജനുവരിയിൽ ഏഴാം സ്ഥാനത്തായിരുന്ന കേരളം മികച്ച മുന്നേറ്റമാണ് കുറഞ്ഞ കാലയളവിനുള്ളിൽ കാഴ്ച വച്ചത്. റാങ്കിംഗ് പട്ടികയിൽ കേരളത്തിനു മുൻപിലുള്ള ദാമോദർ വാലി കോർപ്പറേഷനുമായി 0.67 പോയിന്റ് വ്യത്യാസം മാത്രമാണ് നിലവിലുള്ളത്. 

ഐഡിആര്‍ബി-യുടെ ഹൈഡ്രോളജി വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞത്. 2016-ൽ ആരംഭിച്ച് 2024-ൽ അവസാനിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തല്‍, ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തല്‍, റിയല്‍ ടൈം ഡാറ്റാ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണാ സംവിധാനം തയാറാക്കുക, ബേസിന്‍ ലെവല്‍ റിസോഴ്‌സ് അസസ്‌മെന്റ് / പ്ലാനിംഗ്, ടാര്‍ഗെറ്റു ചെയ്ത ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക, തുടങ്ങിയവയും ഈ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നു.