ദന്തരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ഊര്‍ജ്ജിതമാക്കണം

post

കോട്ടയം: ദന്തരോഗങ്ങളെക്കുറിച്ചും പ്രാഥമിക ഘട്ടത്തില്‍തന്നെ രോഗനിര്‍ണയവും ചികിത്സയും നടത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധവത്കരണം ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. ദന്തചികിത്സാ മേഖല 2030ല്‍ എന്ന പേരില്‍ കേരള ദന്തല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ ദന്താരാഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ദന്തരോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തണം. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം നടത്തിയാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ദന്തചികിത്സാ സാമഗ്രികള്‍ ഉത്പാദിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ക്ലേവില്‍ കേരള ദന്തല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഷാജി കെ. ജോസഫ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എന്‍. കെ. മംഗളം വിശിഷ്ടാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോജി എസ്. അഭിലാഷ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. ടി. ബീന എന്നിവര്‍ പങ്കെടുത്തു.