കൂടെയുണ്ട് അങ്കണവാടികള്‍; രണ്ടാം ഘട്ടത്തിന് തുടക്കമായി

post

കാസര്‍കോട്: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രവര്‍ത്തന രംഗത്ത് അങ്കണവാടികള്‍ സജീവമാണ്. ഈ ഘട്ടത്തിലും അങ്കണവാടികളുടെ വിവിധ മേഖലകളിലുള്ള സേവനം ഗുണഭോക്താക്കള്‍ക്ക് മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്. മികച്ച ആസൂത്രണത്തോടെ കൂടുതല്‍ ജനങ്ങള്‍ക്ക് അവബോധവും സേവനങ്ങളും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി 'കൂടെയുണ്ട് അങ്കണവാടികള്‍'  എന്ന രണ്ടാം ഘട്ട ക്യാമ്പയിന്‍ ജില്ലയില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ റേഷന്‍ വിഹിതം എത്തിച്ചു കൊടുക്കുകയും 'കുടുംബങ്ങളിലേക്ക് അങ്കണവാടികള്‍' എന്ന പദ്ധതിയിലൂടെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമവും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ലഭ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഇതോടൊപ്പം  'കൊറോണയും ഗര്‍ഭകാലവും' എന്ന വിഷയത്തില്‍ ബോധവത്കരണവും ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു.

കൂടെ മുന്നേറാന്‍ രണ്ടാം ഘട്ടം

കൂടെയുണ്ട് അങ്കണവാടികള്‍ എന്ന രണ്ടാംഘട്ടത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും കൂടെ നിന്ന് മുന്നോട്ട് പോവാനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും. മുലയൂട്ടലിന്റെ പ്രാധാന്യം' എന്ന വിഷയത്തിലും രണ്ടാം ഘട്ടം ഊന്നല്‍ നല്‍കും. ഇതിനായി വ്യാപകമായി ബോധവത്കരണവും ക്ലാസുകളും സംഘടിപ്പിക്കും. പരസ്പര ചര്‍ച്ചകളിലൂടെ പങ്കെടുക്കുന്നവരുടെ ആകുലതകള്‍ പരിഹരിക്കും. ഗുണഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കും. പരാമര്‍ശ സേവനങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുകയും ഗുണപരമായ മാതൃകകള്‍ പങ്കുവെക്കുകയും ശേഖരിക്കുകയും ചെയ്യും.പങ്കാളിത്ത പ്രവര്‍ത്തനത്തിലൂടെ തല്‍സമയ വിവരശേഖരണവും വിലയിരുത്തലും തുടര്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യും. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏതു പ്രതികൂല സാഹചര്യത്തിലും അങ്കണവാടികള്‍ ഗുണഭോക്താക്കള്‍ക്ക് ഒപ്പമുണ്ട് എന്ന വിശ്വാസം സൃഷ്ടിക്കും. സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രയോജനകരമായ സ്വഭാവ പരിവര്‍ത്തനം സൃഷ്ടിക്കും.