നമ്മള്‍ നമുക്കായി; പരിശീലന പരിപാടിക്ക് തുടക്കമായി

post

* ജനകീയാസൂത്രണ പദ്ധതിക്കുശേഷം നടക്കുന്ന വലിയ പദ്ധതി

* ഒരുമാസത്തിനുളളില്‍ രണ്ടരലക്ഷം പേര്‍ക്ക് പരിശീലനം

തിരുവനന്തപുരം: നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച നമ്മള്‍ നമുക്കായി ബഹുജന ക്യാമ്പയിനിന്റെ സംസ്ഥാനതല പരിശീലന പരിപാടിക്ക് തുടക്കമായി. സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ക്കാണ് സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കുന്നത്. 2018, 2019 വര്‍ഷങ്ങളിലുണ്ടായ രൂക്ഷമായ മഴക്കെടുതി ദുരന്ത ലഘൂകര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ തേടുന്നതിനായി സര്‍ക്കാര്‍ 'നമ്മള്‍ നമുക്കായി' ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 

ഒരു മാസത്തിനുളളില്‍ സംസ്ഥാനത്തെ രണ്ടരലക്ഷം പേര്‍ക്ക് പരിശീലനം നല്‍കും. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളും ശുപാര്‍ശകളും കൂടി പരിഗണിച്ച് ഓരോ തദ്ദേശ സ്ഥാപനത്തിലും വ്യക്തമായ കാഴ്ചപ്പാടോടെയുളള ദുരന്തനിവാരണ പദ്ധതി ഉണ്ടാക്കും. കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറ് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെയുള്ള 1,034 തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യഘട്ടം പരീശീലനം നല്‍കും. 

ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കുക, ദുരന്തം വരാതെ എങ്ങനെ നോക്കാം എന്നീ രണ്ട് കാര്യങ്ങളില്‍ ഊന്നിക്കൊണ്ടാണ് നവകേരള നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിക്ക് ശേഷം ചുരുങ്ങിയ സമയത്തിനുളളില്‍ നടക്കുന്ന ബൃഹത് ക്യാമ്പയിനാണ് നമ്മള്‍ നമുക്കായി പരിശീലന പരിപാടി. 

ധനമന്ത്രി ഡോ തോമസ് ഐസക്,  റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകരണ ആസൂത്രണ വിഭാഗം തലവന്‍ എസ് ആര്‍ സനല്‍കുമാര്‍, ദുരന്ത നിവാരണ അതോറിറ്റി ഡോ. ശേഖര്‍ കുര്യാക്കോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പരിശീലന പരിപാടിയില്‍ സംവദിച്ചു. ജില്ലാതലങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  തിരുവനന്തപുരം ഐഎംജി ഹാളില്‍ നടക്കുന്ന ത്രിദിന പരിശീലനം ശനിയാഴ്ച സമാപിക്കും.