ഭിന്നശേഷി കുട്ടികള്‍ക്കായുള്ള 'വൈറ്റ് ബോര്‍ഡ്' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ആവിഷ്‌ക്കരിച്ച  'വൈറ്റ് ബോര്‍ഡ്' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഭിന്നശേഷി വിഭാഗത്തില്‍പെടുന്നവര്‍ക്കായുള്ള പ്രത്യേക അവകാശ നിയമപ്രകാരവും ഭിന്നശേഷികുട്ടികള്‍ക്കും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.

ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മുഴുവന്‍ ഭാഷാ വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും 'വൈറ്റ് ബോര്‍ഡ്' പഠനം ഒരുക്കും. സമഗ്ര ശിക്ഷാ കേരളയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 168 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് 2500 ഓളം റിസോഴ്‌സ് അധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരും ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളും ചേര്‍ന്നാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.

വാട്‌സപ് കൂട്ടായ്മ രൂപീകരിച്ച് പാഠഭാഗങ്ങള്‍ ഭിന്നശേഷി കുട്ടികളിലെത്തിക്കും. കുട്ടികളെ കൂടാതെ രക്ഷിതാക്കളും അധ്യാപകരും ഗ്രൂപ്പുകളിലുണ്ടാകും.  ഓരോ കുട്ടിക്കും വേണ്ട വര്‍ക്ക് ഷീറ്റുകള്‍ വീടുകളില്‍ നേരിട്ട് എത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാദേശിക പൊതു പഠനകേന്ദ്രങ്ങളിലും ഓട്ടിസം സെന്ററുകളിലുമെല്ലാം ഇവ  ലഭ്യമാക്കും. ജൂണ്‍ 22 മുതല്‍ 'വൈറ്റ് ബോര്‍ഡ്' ക്ലാസുകള്‍ നവമാധ്യമങ്ങള്‍ വഴി കുട്ടികളിലെത്തും. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡയരക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ ജീവന്‍ ബാബു,  സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ്  ഡയരക്ടര്‍ ഡോ.എ പി കുട്ടികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു