എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം: മുഖ്യമന്ത്രി

post

*പരിശോധന സുഗമമാക്കാന്‍ എംബസികള്‍ വഴി കേന്ദ്രം ക്രമീകരണങ്ങള്‍ ഒരുക്കണം

തിരുവനന്തപുരം : വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും.

ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.

കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടത് എന്ന് മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും സംസ്ഥാനം ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് കേരളം എന്‍ഒസി നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്നാണ് അവര്‍ അറിയിച്ചത്. ഇത് അവര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന് അനുമതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനം അതും നല്‍കി. അവരോടും സ്‌പൈസ്‌ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചാണ് അനുമതി നല്‍കിയത്. എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. എല്ലാറ്റിനും ഒരേ മാനദണ്ഡമാകണം.

ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളില്‍ സ്‌പൈസ് ജെറ്റ് കമ്പനി ടെസ്റ്റുകള്‍ നടത്തിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് കമ്പനിയുടെ സിഎംഡി തന്നെ അറിയിച്ചിരുന്നു. ഇതിനകം ഇരുപതിലധികം വിമാനങ്ങള്‍ ടെസ്റ്റിംഗ് നടത്തിയ യാത്രക്കാരുമായാണ് വന്നത്. ജൂണ്‍ 30നകം 100 വിമാനങ്ങള്‍ വരുന്നുണ്ടെന്നും ജൂണ്‍ 20നു ശേഷം ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്താം. ആന്റി ബോഡി ടെസ്റ്റിന്റെ ഫലം പെട്ടെന്ന് ലഭിക്കും. കുറഞ്ഞ ചെലവുളള ട്രൂ നാറ്റ് എന്ന പരിശോധനാ സമ്പ്രദായം വ്യാപകമായിട്ടുണ്ട്.

രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്ന് സംസ്ഥാനം ആവശ്യമുന്നയിച്ചത് കേന്ദ്ര സര്‍ക്കാരിനോടാണ്. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അവരുമായി സാഹചര്യത്തിന്റെ പ്രാധാന്യ കണക്കിലെടുത്ത് കേന്ദ്രം ബന്ധപ്പെടണം. അങ്ങനെ വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇറ്റലിയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്പോള്‍ രാജ്യം അത് ചെയ്തിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് സംസ്ഥാന നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഖത്തറിലെ അംബാസിഡര്‍ നമ്മുടെ നിര്‍ദ്ദേശത്തോട് പ്രതികരിച്ചത് ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഹ്‌തെരാസ് എന്ന മൊബൈല്‍ ആപ്പ് നിര്‍ബന്ധമാണെന്നാണ്. അതില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ള ആളുകള്‍ കോവിഡ് നെഗറ്റീവ് ആയിരിക്കും. ഈ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശനമുള്ളു. നിലവില്‍ ഖത്തറില്‍ നിന്നും വരുന്നവര്‍ക്ക് ഈ നിബന്ധന തന്നെ മതിയാകും.

യുഎഇ എയര്‍പോര്‍ട്ടുകളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. അതു തന്നെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ചെയ്യാന്‍ ബന്ധപ്പെട്ട വിമാന കമ്പനികള്‍ അതാത് രാജ്യത്തെ ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് ടെസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ടാക്കിയാല്‍ പ്രശ്‌നം ഉണ്ടാവില്ല. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം ഇല്ലാത്തതാണ് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അത് ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.

സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യമുണ്ടാക്കണം. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റുതരത്തില്‍ വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണ് എന്ന് പ്രചരിപ്പിക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണ് നടക്കുന്നത്.

രോഗമുള്ളവരെയും ഇല്ലാത്തവരെയും വേറെ വേറെ നാട്ടിലെത്തിക്കണം എന്നതാണ് അന്നും ഇന്നും നാം പറയുന്നത്. അല്ലാതെ രോഗമുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെ എന്നല്ല. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്‌ളൈറ്റുകളില്‍ ഇന്ത്യന്‍ എംബസി വഴിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. അര്‍ഹരായവര്‍ക്ക് മുന്‍ഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എംബസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവരുടെ മുന്‍ഗണന സൂചിപ്പിച്ച് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

യാത്രക്കാരുടെ ലിസ്റ്റിന് അവസാന രൂപമായാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു ദിവസത്തെ ഇടവേളയെങ്കിലുമുണ്ടാകണം. പത്തുമണിക്കൂറിലേറെ യാത്ര വേണ്ടിവരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പലപ്പോഴും ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടി വരുന്നുണ്ട്. ഇത്തരം ഫ്‌ളൈറ്റുകളില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ ധാരാളമാണ്. ഈ ഫ്‌ളൈറ്റുകള്‍ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് നീട്ടാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കണം.

വിദേശത്തുനിന്ന് പുറപ്പെട്ട് ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ അവിടെ തന്നെ ക്വാറന്റൈന്‍ ചെയ്യപ്പെടുകയാണ്. കേരളത്തിലെത്തുമ്പോള്‍ അവര്‍ വീണ്ടും ക്വാറന്റൈനില്‍ പോകണം. ഇത്തരമാളുകളുടെ ക്വാറന്റൈന്‍ കാര്യത്തില്‍ പ്രത്യേക മാനദണ്ഡം രൂപീകരിക്കണം. ഫ്‌ളൈറ്റുകള്‍ കേരളത്തിലേക്ക് നീട്ടുന്നില്ലെങ്കില്‍, ആദ്യം എത്തിച്ചേരുന്ന സ്ഥലത്തുനിന്ന് അഞ്ചുദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനും ഇവിടെ ക്വാറന്റൈനില്‍ പോകാനും അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

10 മണിക്കൂറിലധികം പറക്കേണ്ടിവരുന്ന ദൂരത്തു നിന്നാണെങ്കില്‍ വലിയ വിമാനങ്ങള്‍ യാത്രക്ക് ഉപയോഗിക്കണം. എയര്‍ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റു കമ്പനികളില്‍ നിന്ന് വിമാനം വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണിക്കണം.

നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരില്‍ ചെറിയ ശതമാനത്തിന് മാത്രമേ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്‌ളൈറ്റില്‍ വരാന്‍ കഴിയുന്നുള്ളു എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ചാര്‍ജ് വന്ദേഭാരത് മിഷന്‍ ഫ്‌ളൈറ്റിന്റേതിന് സമാനമായി നിശ്ചയിക്കുന്നതിന് ആവശ്യമായ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. സംസ്ഥാനം തുടക്കം മുതല്‍ ഇത് ആവശ്യപ്പെടുന്നുണ്ട്.

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം. ജോലി നഷ്ടപ്പെട്ടതോടെ ഇവര്‍ക്ക് ആ രാജ്യങ്ങളില്‍ സാമൂഹ്യ സുരക്ഷയും നഷ്ടമായ സാഹചര്യമാണ്.

പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍, തിരിച്ചു വിദേശത്തേക്ക് പോകുമ്പോള്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യാത്രക്കാരെ എടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിലവിലുള്ള യാത്രാനിരക്ക് കുറയ്ക്കാന്‍ സാധിക്കും. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഇതു വലിയ ആശ്വാസമാകും.

എംബസികള്‍ ടെസ്റ്റ് നടത്തണം എന്നതിന് ടെസ്റ്റിനായി എല്ലാവരും എംബസ്സികളില്‍ ചെല്ലണം എന്നല്ല സാഹചര്യമില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്യണം എന്നാണ്. പുറത്തുനിന്ന് വരുന്നവരടക്കം ഇവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായൊരിടം എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.