ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായങ്ങളെത്തിക്കാന്‍ പോലീസ് വിളിപ്പുറത്ത്

post

പത്തനംതിട്ട : ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജനങ്ങള്‍ക്കൊപ്പം ജില്ലാ പോലീസ് ഉണ്ടായിരുന്നു. ഭക്ഷണം, വസ്ത്രം, ജീവന്‍രക്ഷാ ഔഷധങ്ങള്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ പൊലീസിനെ ആശ്രയിച്ചു. ജനമൈത്രി പോലീസ് വിളിപ്പുറത്ത് സേവന സന്നദ്ധരായിനിന്നു. ഏറ്റവും ഒടുവില്‍ ഇ വിദ്യാരംഭം എന്നപേരില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ട സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് സഹായവുമായും ജില്ലാപോലീസ് രംഗത്തെത്തി. നിര്‍ധന, ദുര്‍ബല വിഭാഗങ്ങളില്‍പെട്ട കുട്ടികളെ കണ്ടെത്തി ജനകീയ കൂട്ടായ്മയിലൂടെ അവര്‍ക്ക് സഹായമെത്തിച്ചു വരുകയാണ് ജനമൈത്രി പോലീസ്.

കഴിഞ്ഞ ദിവസം ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നേരിട്ട് വീട്ടിലെത്തി ടെലിവിഷന്‍ നല്‍കിയിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നാട്ടുകാരുടെ സഹകരണത്തോടെ ടിവിയും മറ്റും നല്‍കി വരുന്നു. കോന്നിയിലെ ജനമൈത്രി പോലീസാണ് ഈ മേഖലയില്‍ കൂടുതല്‍ സേവനം ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 'സ്വപ്നങ്ങള്‍ക്ക് ഒരു കൈത്താങ്ങ് 'എന്നു പേരിട്ട പദ്ധതിപ്രകാരം ഏഴ് ടെലിവിഷനുകള്‍ ഇതുവരെ വിതരണം ചെയ്തു. ടിവി ചലഞ്ചില്‍ കോന്നി ഏഴുമണ്‍ പ്ലാന്റേഷനിലെ 20 ഓളം കുട്ടികള്‍ക്ക് പ്രയോജനപ്പെടുംവിധം ടിവി നല്‍കിയതാണ് ഏറ്റവും ഒടുവിലത്തേത്. തോപ്പില്‍ മിച്ചഭൂമിയിലെ 30 വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തില്‍ കോന്നി ജനമൈത്രി പോലീസ് സഹായങ്ങളെത്തിച്ചു.

ഡോ. ജോണ്‍സന്‍, സണ്‍ പ്ലംബിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമ മോനി മത്തായി എന്നിവരുടെ സഹായത്തോടെയാണ് കോന്നി ജനമൈത്രി പോലീസ് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സേവനങ്ങള്‍ എത്തിച്ചതെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷിനൊപ്പം, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ സുബീക് റഹ്മാന്‍, ജയശ്രീ, പോലീസ് ട്രെയിനി അജിത്, പോലീസ് ഉദ്യോഗസ്ഥരായ നിഷാന്ത്, മനു, കൃഷ്ണകുമാര്‍ തുടങ്ങിയവരും വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

ടെലിവിഷന്‍ കണക്ഷനില്‍ പത്തനംതിട്ട ജില്ലാ പോലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കേബിള്‍ സൗകര്യം ഏര്‍പ്പെടുത്തി നല്‍കി. ഒരുകുട്ടിക്കു പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങളുടെകൂടി സഹകരണത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

പുളിക്കീഴ് നിരണം തേവേരി ഭാഗത്ത് ടിവി കേടായതിനെ തുടര്‍ന്ന് പഠനം മുടങ്ങുന്ന സാഹചര്യത്തില്‍ ജനമൈത്രി പോലീസ് സഹായത്തിനെത്തി. പുതിയത് വാങ്ങാനാവാത്ത സ്ഥിതി മനസിലാക്കിയ പോലീസ് കംപാഷന്‍ ടീം എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പം ചേര്‍ന്ന് ടെലിവിഷനും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലും ഇത്തരം സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഓണ്‍ലൈന്‍ പഠന സഹായങ്ങള്‍ നല്‍കി വരുന്നതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.