നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ അമൃതം പദ്ധതി

post

ജില്ലയില്‍ 115 സര്‍ക്കാര്‍ അയുര്‍വേദ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കി

മലപ്പുറം : കോവിഡ് 19ന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'അമൃതം പദ്ധതി'ക്ക് ജില്ലയില്‍ മികച്ച പ്രതികരണം. സംസ്ഥാന ആയുര്‍വേദ റെസ്പോണ്‍സ് സെല്ലിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് ജില്ലയിലെ 115 സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കി കഴിഞ്ഞു.  ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അയ്യായിരത്തിലധികം പേര്‍ ഇതിനകം പദ്ധതിയുടെ ഭാഗമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ.കെ സുശീല അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുകയും അവരെ ഫോണില്‍  വിളിച്ച് പദ്ധതിയെപ്പറ്റി വിശദീകരിക്കുകയും ചെയ്യും. തുടര്‍ന്ന്  നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആദ്യ പതിന്നാല് ദിവസത്തേക്കുള്ള ആയുര്‍വേദ മരുന്നുകള്‍ നല്‍കും. കഷായം, ഗുളിക, ചൂര്‍ണം തുടങ്ങിയവയാണ് നല്‍കുന്നത്. സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് ദിവസേന കഷായം പാകം ചെയ്തു നല്‍കും. തുടര്‍ന്ന് ഇവരുടെ വിവരങ്ങള്‍ ഫോണിലൂടെ ശേഖരിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും മരുന്ന് കൊടുത്തവരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ സംസ്ഥാന സെല്ലിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അതത് തദ്ദേശ സ്ഥാപന പ്രതിനിധികളുമായോ സര്‍ക്കാര്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസറുമായോ ബന്ധപ്പെട്ടാല്‍ പദ്ധതിയുടെ വിവരങ്ങള്‍ ലഭിക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മുഴുവന്‍ സ്ഥാപനങ്ങളിലും  മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മരുന്നുകളും സ്ഥാപനങ്ങളിലെത്തിയിട്ടുണ്ട്. കോവിഡ് രോഗമുക്തി നേടിയവര്‍ക്കായുള്ള സര്‍ക്കാരിന്റെ പുനര്‍ജനി പദ്ധതിയും ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും നടന്നുവരുന്ന പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.