കേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റണം

post

പ്രീവൈഗ 2020 ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തെ ഉപഭോഗ സംസ്ഥാനത്തിന് പകരം കാര്‍ഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍. പച്ചക്കറിരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം.  മൂല്യവര്‍ധിത  ഉല്പാദനത്തിലേക്ക് കര്‍ഷകരെ കൊണ്ടുവരണം. കാര്‍ഷിക വസ്തുക്കള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളാകുമ്പോള്‍ അതിന്റെ വില നിശ്ചയിക്കാന്‍ കര്‍ഷകനാകും. യുവാക്കള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ അനുയോജ്യമായത് കാര്‍ഷികാധിഷ്ഠിത സംരംഭ മേഖലയാണ്. ഇന്ന് ലോകം മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിലേക്ക് മാറുകയാണ്. ശുദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് വരുംതലമുറയെ ബാധിക്കും. അതിനാല്‍ പ്രകൃതിദത്തവും ആരോഗ്യപരവുമായ ഉല്പാദനത്തിലേക്ക് മാറണമെന്നും പാളയം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ തിരുവനന്തപുരം ജില്ല പ്രീ വൈഗ 2020 കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ശില്‍പശാലയും ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി പറഞ്ഞു.

യുവാക്കള്‍ക്ക് സാങ്കേതിക വിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തി ചെറുകിട കാര്‍ഷികാധിഷ്ടിത വ്യവസായം ആരംഭിക്കാനാകും. വിപണന തന്ത്രങ്ങളില്‍ കൂടി മാറ്റം വരുത്തിയാല്‍ ലോകോത്തര കമ്പനികളുമായി മത്സരിക്കാനാകും. നാരങ്ങാ സര്‍ബത്തിന് പകരം വയ്ക്കാന്‍ കൊക്കോക്കോളയ്ക്ക് സാധിക്കാത്തത് ഇതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പലയിടങ്ങളിലും അതത് പ്രദേശത്ത് മാത്രം ഉല്പാദിപ്പിക്കുന്ന നിരവധി വിഭവങ്ങള്‍ ഉണ്ട്. ഇവയ്ക്ക ഭൗമസൂചിക പദവി കൂടി നേടിയെടുക്കാനായാല്‍ ഉയര്‍ന്ന വില കിട്ടും. സംസ്ഥാനത്ത് ഇതിനകം മിക്ക കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും ഭൗമസൂചിക പദവി നേടാനായി. കപ്പല്‍ മാര്‍ഗമുള്ള കയറ്റുമതി കൂടി സാധ്യമാകുന്നതോടെ മിക്ക ഉല്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകും. ഇത്തരത്തില്‍ കാര്‍ഷികരംഗത്ത് കേരളത്തിന് ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. വില വര്‍ധിക്കുമ്പോള്‍ മാത്രമല്ല വിലയിടിവുണ്ടാകുമ്പോഴും കര്‍ഷകന് പിന്തുണ നല്‍കാന്‍ തയ്യാറാകണം.  കര്‍ഷകന് സമൂഹത്തില്‍ മുഖ്യ സ്ഥാനം നേടിയെടുക്കാനാകണമെന്നും കൃഷി മന്ത്രി പറഞ്ഞു. 

സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതി, വിജ്ഞാന വ്യാപന പദ്ധതി, പാഠം ഒന്ന് പാടത്തേയ്ക്ക് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട അവാര്‍ഡും മന്ത്രി വിതരണം ചെയ്തു. മികച്ച സ്‌കൂള്‍, മികച്ച വിദ്യാര്‍ത്ഥി, അധ്യാപകര്‍, മികച്ച ക്‌ളസ്റ്റര്‍, സ്ഥാപനം, മികച്ച കര്‍ഷകന്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

വി. കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മാലിന്യത്തെ വളമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി വകുപ്പ് മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും കാര്‍ഷിക ശില്പശാല എന്നിവയും സംഘടിപ്പിച്ചു. നഗരസഭാ ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനു ഐ. പി., പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ താജുന്നിസ എസ്., അഡീഷണല്‍ ഡയറക്ടര്‍ ബേബി ഗിരിജ ബി., ഡോ. ശ്രീകുമാര്‍ പി. എസ്. എന്നിവര്‍ സംബന്ധിച്ചു.