സീ വ്യൂ വാര്‍ഡ് കനാല്‍ നവീകരണത്തിന് തുടക്കമായി

post

ആലപ്പുഴ: ബാപ്പു വൈദ്യര്‍ ജങ്ഷന്‍  റെയില്‍വേ ട്രാക്ക് സീ വ്യൂ വാര്‍ഡ് കനാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ധനകാര്യ  കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു. 4.75 കോടി രൂപ ചെലവിലാണ് കനാലിന്റെ നവീകരണം. കനാല്‍ നവീകരണത്തിന്റെ ഭാഗമായി കനാലിന്റെ ഇരുവശങ്ങളിലും നടപ്പാത, സൈക്കിള്‍ പാത, കുട്ടികള്‍ക്കുള്ള കളി സ്ഥലം എന്നിവയും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കനാലില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍  പരിസരവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പ്രത്യേകം കക്കൂസ് മാലിന്യ സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കും. നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ കരോളിന്‍ പീറ്റര്‍, പ്രദീപ്കുമാര്‍ ടി, ഉദ്യോഗസ്ഥരായ അരുണ്‍ കെ ജേക്കബ്, എം. സി സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.