പ്രവാസികളുടെ ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കും

post

തിരുവനന്തപുരം: പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാല്‍ പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെയും ആധികാരിക വിവരങ്ങള്‍ ഇല്ലാതിരിക്കുന്നത് സംസ്ഥാനത്തിന്റെയും പ്രവാസികളുടെയും പല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാണ്.

അന്താരാഷ്ട്ര മൈഗ്രേഷന്‍ സെന്റര്‍ സി.ഡി.എസില്‍ ആരംഭിക്കണമെന്ന് ലോക കേരള സഭ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സി.ഡി.എസിലെ ഗവേഷണ മികവിനുള്ള അംഗീകാരം കൂടിയാണിത്. മുമ്പ് നിരവധി തവണ കുടിയേറ്റം സംബന്ധിച്ച സര്‍വേകള്‍ ചെയ്ത പരിചയവും ഈ സ്ഥാപനത്തിനുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ ഗവേഷണപദ്ധതി പ്രവാസികളും കുടിയേറ്റവും സംബന്ധിച്ച് ആരംഭിക്കാന്‍ സമയമായി. ഗവേഷണത്തിന്റെ ഭാഗമായി പ്രവാസികളെ സംബന്ധിച്ച് സര്‍ക്കാരിന് ഗുണകരമാകുന്ന വിവരങ്ങള്‍, കുടിയേറ്റ ഗവേഷണം സംബന്ധിച്ച വാര്‍ഷിക പരിശീലനങ്ങള്‍, അന്താരാഷ്ട്ര കുടിയേറ്റം സംബന്ധിച്ച സമഗ്ര ഡാറ്റാബേസ്, കേരളവും ലോക സാമ്പത്തിക ക്രമവും സംബന്ധിച്ച കോണ്‍ഫറന്‍സുകള്‍ എന്നിവ ഉണ്ടാകും.

കുടിയേറ്റം സംബന്ധിച്ച ഓണ്‍ലൈന്‍ ഡാറ്റാ ബാങ്കും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സി.ഡി.എസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് പ്രൊഫസര്‍മാരായ എസ്. ഇരുദയ രാജന്‍, പ്രവീണ കോടോത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. സി.ഡി.എസ് ഡയറക്ടര്‍ പ്രൊഫ: സുനില്‍ മണി സ്വാഗതം പറഞ്ഞു. നോര്‍ക്ക സഹകരണത്തോടെയാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്.


NRI