ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു

post

ഇടുക്കി : ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്.എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്ക് ഹോട്ടല്‍ മഹാറാണിയുടെ പ്രവര്‍ത്തനംകൂടുതല്‍ കരുത്താകുമെന്ന് എം. പി പറഞ്ഞു. ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ആസ്ഥാനത്ത് പ്രാഥമിക സൗകര്യം ഒരുക്കുകയെന്നത് ആവശ്യമാണ്. ഹോട്ടല്‍ മഹാറാണിയുടെ പ്രവര്‍ത്തനം ഇതിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി കൂട്ടിച്ചേര്‍ത്തു. 

ജില്ലാ ആസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടും വിധമാണ്  ഡിറ്റിപിസി യുടെ ആഭിമുഖ്യത്തില്‍  ഹോട്ടല്‍ മഹാറാണി തുടക്കം കുറിച്ചിട്ടുള്ളത്.  വിശാലമായ പാര്‍ക്കിംഗ് സൗകര്യവും താമസ സൗകര്യവും വെജ്-നോണ്‍വെജ് റെസ്റ്റോറന്റുമാണ് സ്ഥാപനത്തിന്റെ പ്രത്യേകത.  വിശ്രമസൗകര്യവും താമസത്തിന് രണ്ട് ഫാമിലി റൂമും ചൈനീസ് വിഭവങ്ങളുള്‍പ്പെടെയുളള ഭക്ഷണങ്ങളും ന്യായവിലയ്ക്ക് ഹോട്ടലില്‍ ലഭ്യമാക്കും. ടൂറിസം വകുപ്പ് നിര്‍മ്മിച്ച്  ഡിറ്റിപിസിക്ക് കൈമാറിയ വഴിയോര വിശ്രമ കേന്ദ്രം ഡിറ്റിപിസി എക്‌സിക്യൂട്ടിവ് കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് ഹോട്ടലായി പ്രവര്‍ത്തിപ്പിക്കുന്നത്.  ഹോട്ടല്‍ മഹാറാണി സംരഭകരാണ് സ്ഥാപനം വാടകക്കെടുത്തിരിക്കുന്നത്. കെട്ടിടനവീകരണവും അടിസ്ഥാനസൗകര്യങ്ങളും കിച്ചണും ഡിറ്റിപിസി സജ്ജീകരിച്ചു.  ഉദ്ഘാടനയോഗത്തിന് റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്,  ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സി.വി.വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിന്‍, അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി,  ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, ഡോ.വിജയന്‍ നങ്ങേലില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.