ലോക മലയാളികളുടെ നാദമാകാന്‍ 'റേഡിയോ കേരള'

post

തിരുവനന്തപുരം: ഇന്റര്‍നെറ്റ് അധിഷ്ഠിത വാര്‍ത്താ പ്രക്ഷേപണത്തിലൂടെ മാധ്യമരംഗത്തെ കുത്തക അവസാനിപ്പിക്കാന്‍ കഴിഞ്ഞതായി ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  പ്രാദേശിക വാര്‍ത്തകള്‍ മുതല്‍ അന്താരാഷ്ട്ര വാര്‍ത്തകള്‍വരെ ഒരേ തലത്തില്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സാധിക്കുന്നുണ്ടെന്നും വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനുമുള്ള വേദിയായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇന്റര്‍നെറ്റ് റേഡിയോ  'റേഡിയോ കേരള'  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ മേയര്‍ കെ. ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റേഡിയോ മുദ്രാഗാനം മന്ത്രി പ്രകാശനം ചെയ്തു. പ്രഭാവര്‍മ്മ എഴുതിയ ഗാനം പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് സംഗീതം ചെയ്തത്. കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, രാഷ്ട്രീയം, വികസനം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും പരിപാടികളോടെ റേഡിയോ കേരള തുടങ്ങുന്നത്. പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കള്‍ക്ക് മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളുമുണ്ട്. www.radio.kerala.gov.in    ല്‍ ഓണ്‍ലൈനായി റേഡിയോ പരിപാടികള്‍ കേള്‍ക്കാം.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് 2015ല്‍ ആരംഭിച്ച ന്യൂസ് പോര്‍ട്ടലിന്റെ നവീകരിച്ച രൂപത്തിന്റെ പുനപ്രകാശനവും ചടങ്ങില്‍ നടന്നു.സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് നവീകരിച്ച ന്യൂസ് പോര്‍ട്ടലിന്റെ രൂപകല്‍പ്പന.
പിആര്‍ഡി പുറത്തിറക്കുന്ന 'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍' പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ വിതരണോദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. പുസ്തകത്തിന്റെ കവര്‍ചിത്രം വരച്ച ഭിന്നശേഷി ചിത്രകാരി നൂര്‍ ജലീലയ്ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ ഐ.ടി. മിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര. എസ് , കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ ആശംസയും, പിആര്‍ഡി ഡയറക്ടര്‍ യു വി ജോസ് സ്വാഗതവും പറഞ്ഞു. പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ എന്‍. സുനില്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി.