രണ്ടു പേര്‍ കോവിഡ് മുക്തരായി; 12 കാരിക്ക് രോഗബാധ

post

കോട്ടയം : കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു യുവതികള്‍ രോഗമുക്തരായി. മെയ് 25ന് മഹാരാഷ്ട്രയില്‍നിന്ന് വന്ന പാറത്തോട് സ്വദേശിനി(31)ക്കും മെയ് 26ന് കുവൈറ്റില്‍നിന്ന് വന്ന ഏറ്റുമാനൂര്‍ സ്വദേശിനി(40)ക്കുമാണ് രോഗം ഭേദമായത്. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 44 ആയി. 

ഇന്നലെ ലഭിച്ച 235 പരിശോധനാ ഫലങ്ങളില്‍ 234 എണ്ണവും നെഗറ്റീവാണ്.  ഇന്നലെ 240 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 

മെയ് 28ന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന എലിക്കുളം സ്വദേശിനിയായ 12 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി എത്തിയത്. മാതാപിതാക്കളുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. നിലവില്‍ കോട്ടയം ജില്ലക്കാരായ 45 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.