സഫലം 2020: ദേവികുളം താലൂക്ക് അദാലത്തില്‍ ഓണ്‍ലൈന്‍ പരാതി പരിഹാരവുമായി ജില്ലാ കളക്ടര്‍

post

ഇടുക്കി : കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച ദേവികുളം താലൂക്ക് അദാലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതി പരിഹാരവുമായി ജില്ലാകളക്ടര്‍ എച്ച്.ദിനേശന്‍.  സഫലം 2020 പരാതിപരിഹാര അദാലത്തിന്റെ ഭാഗമായി ദേവികുളം താലൂക്ക് തല അദാലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതികള്‍ കേട്ട് പരിഹാര നടപടികള്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു ജില്ലാ കളക്ടര്‍. സഫലം 2020 ഭാഗമായി എല്ലാ താലുക്കുകളിലും അദാലത്ത് സംഘടിപ്പിച്ചിരുന്നു. സമ്പര്‍ക്ക വിലക്കിനെ തുടര്‍ന്ന് ദേവികുളം താലൂക്ക് അദാലത്ത് മാറ്റി വെയ്ക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്ത് നടത്തി പരാതികള്‍ക്ക് പരിഹാരം കാണുകയായിരുന്നു.  

ദേവികുളം താലൂക്കില്‍ 27 പരാതികള്‍ പരിഗണിച്ചു. അദാലത്തില്‍ നേരിട്ട് ലഭിച്ച ഏഴ് പരാതികളില്‍ തുടര്‍ നടപടികള്‍ക്കായി കൈമാറി. രണ്ടാഴ്ചക്കുള്ളില്‍  നടപടികള്‍ പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ ദേവികുളം താലൂക്കില്‍ നിന്ന്  51 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 44 എണ്ണം ഓണ്‍ലൈന്‍ മുഖേനയും 7 പരാതികള്‍ നേരിട്ടുമാണ് ലഭിച്ചത്. 27 പരാതിക്കാര്‍ മാത്രമാണ് അദാലത്തില്‍ പങ്കെടുത്തത്. പരാതിക്കാര്‍ എത്താതിരുന്ന 24 പരാതികളും പുതുതായി ലഭിക്കുന്ന പരാതികളോടൊപ്പം അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയപ്രശ്‌നം, സര്‍വ്വേ-റീസര്‍വ്വേ നടപടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്.   റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 19 പരാതികളും, പഞ്ചായത്ത്-6, തൊഴില്‍ വകുപ്പും, കൃഷി വകുപ്പുമായി ബന്ധപ്പെട്ട്  ഒരോ പരാതികള്‍ വീതവുമാണ്  ലഭിച്ചത്.  പരാതിക്കാര്‍ ദേവികുളം താലൂക്ക് ഓഫീസിലും കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പൈനാവ് കളക്ടറേറ്റില്‍ നിന്നുമാണ് വീഡീയോ കോണ്‍ഫറന്‍സിലൂടെ അദാലത്തില്‍ പങ്കെടുത്തത്. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, റവന്യൂ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ കളക്ട്രേറ്റില്‍ നിന്നും  തഹസില്‍ദാര്‍ ജിജി എം കുന്നപ്പള്ളില്‍ ദേവികുളം താലൂക്കാഫീസില്‍ നിന്നും അദാലത്തിന് നേതൃത്വം നല്‍കി.