ജില്ല പൂര്‍ണ്ണമായി അടയ്ക്കില്ല; നിയന്ത്രണങ്ങള്‍ ശക്തമാക്കും

post

ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവില്ല : എ സി മൊയ്തീന്‍

തൃശൂര്‍: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാള്‍ താഴെയാണ് യഥാര്‍ത്ഥത്തില്‍ പോസിറ്റിവായ കോവിഡ് രോഗികളുടെ എണ്ണം. പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് 7 ന് ശേഷം ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകാവുന്ന വര്‍ദ്ധനവ് മുന്‍കൂട്ടി കണക്കാക്കിയിരുന്നു. അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം 300 കടക്കും എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ രോഗികളുടെ എണ്ണം അത്രയും എത്തിയില്ല എന്നത് ആശ്വാസജനകമാണ്. നമ്മുടെ പ്രതിരോധം ഫലപ്രദമാണെന്ന് ഇത് വ്യക്തമാക്കുന്നു. എങ്കിലും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല മുഴുവനായി അടച്ചിടാനുളള സാഹചര്യമില്ല. കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഇതിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ജില്ലാതല അവലോകനയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ അവലോകനയോഗം തീരുമാനിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയിലെ പൊതുമാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കും. ശക്തന്‍ മാര്‍ക്കറ്റില്‍ ആ ദിവസങ്ങളില്‍ കടകള്‍ തുറക്കില്ല. 10 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യരുത്. പാര്‍ക്കിംഗ് സൗകര്യമുളള യാര്‍ഡുകള്‍ ഒരുക്കേണ്ടത് ചരക്ക് എത്തിക്കുന്നവരുടെ ചുമതലയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കും. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കും. ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. മാസ്‌ക് ഉപയോഗം കര്‍ശനമാക്കും. മാസ്‌ക് ധരിക്കാത്തവരേയും ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരേയും നിരീക്ഷിക്കും. പോലീസും ആര്‍ആര്‍ടികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മരണമടഞ്ഞ കുമാരന്റെ രോഗസ്രോതസ്സ് മാത്രമാണ് സംശയത്തിലുളളത്. ആന്റിബോഡി ടെസ്റ്റുമായി മുന്നോട്ടു പോകും. കോവിഡ് ചികിത്സയ്ക്കുളള സൗകര്യങ്ങള്‍ ജില്ലയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍-200 ബെഡുകള്‍ ഉണ്ട്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ഇഎസ്ഐ ആശുപത്രിയില്‍-80, ചെസ്റ്റ് ആശുപത്രി-180, ചാലക്കുടി താലൂക്ക് ആശുപത്രി-54, കൊരട്ടി ലെപ്രസി ആശുപത്രി-100, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-70 എന്നിങ്ങനെ ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്.

ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. 74 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ജനങ്ങളുടെ ജാഗ്രത ആവശ്യമാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ജില്ലാ പോലീസ് മേധാവി കെ വിശ്വനാഥ്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവര്‍ പങ്കെടുത്തു.