പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പ് സേവനം സൗജന്യം

post

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി പ്രമുഖ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സംരംഭമായ ബൈജൂസ് ആപ്പ് തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമാണ് ഇതെന്ന് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിക്കും. 

ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സെപ്റ്റംബര്‍ 30 വരെയാണ് ആപ്പ് സൗജന്യമായി ലഭ്യമാകുന്നത്. കേരള പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കുമാത്രമേ ഈ സൗകര്യം വിനിയോഗിക്കാന്‍ ആവൂ എന്ന വ്യവസ്ഥയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ ഫേസ് ബുക്ക് പേജിൽ ലഭ്യമായ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ഈ സൗകര്യം വിനിയോഗിക്കാം.