കൈപിടിച്ച് സീതാലയം പുനര്‍ജനിയില്‍ പുതിയ പ്രതീക്ഷകള്‍

post

വയനാട്  : ജീവിത വിരക്തിയില്‍ ആശ്വാസവും പ്രതീക്ഷയുമേകുകയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം,പുനര്‍ജനി  പദ്ധതികള്‍. നിത്യജീവിതത്തില്‍ സ്ത്രികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ക്ക് സീതാലയം പരിഹാരം കാണുന്നു.പുനര്‍ജനിയില്‍ പുരുഷന്‍മാര്‍ക്കായി ലഹരി വിമോചന ചികിത്സയാണ് നല്‍കുന്നത്.  അവിവിവാഹിതരായ അമ്മമാര്‍, വിവാഹ മോചിതര്‍, മദ്യപാനികളുടെ ഭാര്യമാര്‍, മാനസിക രോഗികള്‍, മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍, മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികളുടെ അമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് സീതാലയം വഴി കൗണ്‍സിലിംഗ് ലഭിക്കുക. ജില്ലയില്‍ അഞ്ചുകുന്നിലെ ഹോമിയോ ആശുപത്രിയിലാണ് സീതാലയം ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ മുതല്‍ സീതാലയത്തില്‍ 1145 പേരാണ് വിവിധ കാരണങ്ങളാല്‍ ചികിത്സയ്ക്കായി എത്തിയത്. മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നിയമപരിരക്ഷ എന്നിവയും സീതാലയത്തില്‍ നല്‍കുന്നു. പുനര്‍ജനിയില്‍ ലഹരിവിമോചന ചികിത്സയാണ് നല്‍കുന്നത്. പുനര്‍ജനിയില്‍ എത്തുന്നവരെ നിരീക്ഷിച്ച് പ്രത്യേക കൗണ്‍സിലിങ്ങിനു വിധേയമാക്കും. മദ്യാസക്തി ലഹരി ഉപയോഗം തുടങ്ങിയവയ്ക്ക് അടിമയായവരെ സാധാരണ ജീവിതത്തിലേക്ക് പുനര്‍ജനിയിലൂടെ തിരികെ എത്തിക്കുകയാണ്.ഒന്നര വര്‍ഷത്തിനുള്ളില്‍ 430 പേര്‍ പുനര്‍ജനിയിലൂടെ പുതിയ ജീവിതം തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലാണ്  പുനര്‍ജനി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. മറ്റു ഒ.പികളില്‍ നിന്ന് വ്യത്യസ്തമായി രോഗികളുടെ പ്രശ്‌നങ്ങള്‍ അറിയാനും ചികിത്സ നിര്‍ദേശിക്കാന്‍ ഈ ക്ലിനിക്കിലൂടെ കഴിയുന്നു. സംസ്ഥാനത്ത് 14 ജില്ലാ ഹോമിയോ ആശുപത്രികളിലും ഈ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണ്. കിടത്തി ചികിത്സാ സൗകര്യവും ആശുപത്രിയില്‍ ലഭ്യമാണ്.