ഐ.ടി. കമ്പനികളുമായി ചേര്‍ന്ന് വര്‍ക്ക് നിയര്‍ ഹോം യൂണിറ്റുകള്‍ ആരംഭിക്കും

post

ജീവനക്കാര്‍ക്കായി വര്‍ക്ക് ഷെയറിംഗ് ബെഞ്ച്

നെറ്റ് കണക്ഷന്‍, കമ്പ്യൂട്ടറുകള്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ഐ.ടി. ജീവനക്കാര്‍ക്കായി ഐ.ടി. കമ്പനികളുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വര്‍ക്ക് നിയര്‍ ഹോം യൂണിറ്റുകള്‍ ആരംഭിക്കാന്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കില്‍ അവരെ വര്‍ക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുകയും വിവരം സംസ്ഥാന ഐ.ടി. വകുപ്പ് നിര്‍ദേശിക്കുന്ന നോഡല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുകയും വേണമെന്ന് ഐ.ടി. കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. ഇങ്ങനെ വര്‍ക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറുന്നവര്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന നൈപുണ്യവികസന പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം. ഉചിതമായ ശേഷി ആര്‍ജിക്കുന്ന മുറയ്ക്ക് അവരെ പുതിയ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തണം. 

വര്‍ക്ക് ഷെയറിങ് ബെഞ്ചിലുള്ളവരുടെ സേവനം മറ്റ് കമ്പനികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. അത്തരം പ്രവൃത്തികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഈ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് വിനിയോഗിക്കുന്നതിന് പരിഗണിക്കണം. വര്‍ക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുന്ന ജീവനക്കാരെ മുഴുവന്‍ പുതിയ പ്രൊജക്ടുകളില്‍ നിയമിച്ച ശേഷമേ പുറമെ നിന്ന് ആളുകളെ എടുക്കാവൂ എന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

കോവിഡ് 19 മൂലം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഐ.ടി. മേഖലയില്‍ കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷ തൊഴിലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്ന് ആസൂത്രണ വിഭാഗം കണക്കാക്കിയിട്ടുണ്ട്. സംരംഭങ്ങളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതോടൊപ്പം ജീവനക്കാരുടെ തൊഴില്‍ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കിയേ പറ്റൂ. എന്നാല്‍, കമ്പനികള്‍ക്ക് അധിക ഭാരമുണ്ടാകാനും പാടില്ല. ഇതനുസരിച്ച് ചില നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഐ.ടി. കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്ന് മാസത്തേക്ക് വാടക ഇളവ് നല്‍കും. 2020-21 വര്‍ഷത്തില്‍ ഏത് മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിന് വേണ്ടി തെരഞ്ഞെടുക്കാം.

വാടകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുന്നതും പരിഗണിക്കും. ഇതില്‍ തീരുമാനമെടുത്താല്‍ 2021-22 വര്‍ഷത്തെ വാടക നിരക്കില്‍ വര്‍ധന ഉണ്ടാകില്ല. സര്‍ക്കാരിനു വേണ്ടി ചെയ്ത ഐ.ടി. പ്രൊജക്ടുകളില്‍ പണം കിട്ടാനുണ്ടെങ്കില്‍ അവ പരിശോധിച്ച് ഉടനെ അനുവദിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്തും. 

സംസ്ഥാന ഐ.ടി. പാര്‍ക്കുകളിലെ 88 ശതമാനം കമ്പനികളും എം.എസ്.എം.ഇ. രജിസ്‌ട്രേഷന്‍ ഉള്ളവയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ അവര്‍ക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവിലുള്ളതു തന്നെയായിരിക്കും. ഇതിന്റെ അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളില്‍ കേരളത്തിലെ ഐടി കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള നിര്‍ദേശത്തില്‍ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുസരിച്ച് ജീവനക്കാര്‍ മടങ്ങിയെത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കോവിഡ് നിബന്ധനകളും പാലിക്കണം. പരമാവധി പേരെ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാന്‍ അനുവദിക്കണം.

ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഐ.ടി., മാനുഫാക്ച്ചറിങ് തുടങ്ങിയ മേഖലകളിലാണ് കേരളത്തിന് വലിയ സാധ്യതകളുള്ളതായി വ്യവസായികളും ഈ രംഗത്തെ വിദഗ്ധരും കാണുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് ഇവിടെ തന്നെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരമുണ്ടാകണം. വിദേശത്തുള്ളവരെ ഇങ്ങോട്ട് ആകര്‍ഷിക്കാനും കഴിയണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ രംഗം പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.