പരാതി പരിഹാര അദാലത്ത് ; 80 ശതമാനം പരാതികളും തീര്‍പ്പാക്കി ജില്ല കളക്ടര്‍

ആലപ്പുഴ : മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ല കളക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 80 ശതമാനം കേസുകളിലും തീര്‍പ്പായി. കോവിഡ് പശ്ചാത്തലത്തില്‍ ആദ്യമായാണ് പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി സംഘടിപ്പിച്ചത്. ആകെ 54 കേസുകള്‍ പരിഗണിച്ചു. മുഴുവന്‍ കേസുകളും ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നേരിട്ട് കേട്ടാണ് തീര്‍പ്പാക്കിയത്. തീര്‍പ്പാകാത്ത കേസുകള്‍ ധൃതഗതിയില്‍ നടപടികള്‍ക്കായി അതത് വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മാവേലിക്കര താലൂക്കിലെ 20 അക്ഷയ സെന്ററുകള്‍ വഴിയാണ് കളക്ടര്‍ പരാതിക്കാരുമായി നേരിട്ട് സംവദിച്ചത്. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ജെ.മോബി, ഡെപ്യൂട്ടി കളക്ടര്‍ സ്വര്‍ണ്ണമ്മ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
മാവേലിക്കര പാലമേല്‍ വില്ലേജില്‍ ആദിക്കാട്ടുകുളങ്ങര വടക്ക് മുറിയില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ റജീനമോള് കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയത് കെ.ഐ.പി. കനാല്‍ തുറന്നു കഴിഞ്ഞാല്‍ വീട് വെള്ളത്തിലാകുന്ന ദുഖം അറിയിച്ചാണ്.കനാല്‍ വെള്ളം അനിയന്ത്രിതമായി കയറി വീടിന്റെ അടിത്തറ തകരുകയും കൃഷി നശിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. കെ.ഐ.പി കനാലിന്റെ അരിക് സംരക്ഷണവുമായി ബന്ധപ്പെട്ട് അടിയന്തിര ശ്രദ്ധ വേണമെന്ന് കണ്ടതിനെത്തുടര്‍ന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ കനാലിന്റെ സമീപത്തുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കെ.ഐ.പി കനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിക്കാന്‍ നിര്‍ദ്ദേശം നല്കി.
സ്വകാര്യ ലാബില്‍ രക്ത പരിശോധന നടത്തിയപ്പോള്‍ പരിശോധനാഫലം എച്ച്.ഐ.വി പോസിറ്റീവ് എന്ന് തെറ്റായി കാണിച്ചുവെന്ന പരാതിയുമായി ചുനക്കര സ്വദേശിയുടെ പരാതി കളക്ടര്‍ പരിഗണിച്ചു. ലാബില്‍ നിന്ന് എച്ച്ഐവി പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് തന്റെ ജീവിതം താളംതെറ്റിയതായി അദേഹം പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. പുറത്തുള്ള മൂന്നു ലാബുകളില്‍ പരിശോധിച്ചപ്പോള്‍ എച്ച്ഐവി പോസിറ്റീവ് അല്ല എന്ന് കണ്ടെത്തിയതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി. ലാബുകാര്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരത്തെ കൈമാറിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിവരം നല്‍കാമെന്നും ജില്ലാ കളക്ടര്‍ ഉറപ്പുുനല്കി.
മാവേലിക്കര നഗരസഭയില്‍ നിന്ന് സാനിട്ടേഷന്‍ വര്‍ക്കര്‍ ആയി വിരമിച്ചയാളുടെ കുടുംബപെന്ഷന് ആവശ്യപ്പെട്ടാണ് രത്നമ്മ കളക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച കളക്ടര്‍ ഫാമിലി പെന്ഷന് പ്രശ്നങ്ങള്‍ തീര്‍ത്ത് ഒരാഴ്ചയ്ക്കകം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. കറ്റാനം സ്വദേശിയായ ജോണിന്റെ കര്‍ഷക പെന്ഷന് 2012 മുതല്‍ ലഭിക്കുന്നില്ലെന്ന പരാതിയിലും ബന്ധപ്പെട്ട കൃഷി ഓഫീസര്‍ നടപടി സ്വീകരിച്ച് വേഗത്തില്‍ പെന്ഷന് ലഭ്യമാക്കാമെന്ന് ഉറപ്പ് നല്കി.
ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ടാണ് സജി ജില്ലാ കളക്ടര്‍ക്ക് മുമ്പിലെത്തിയത്. 57ാം നമ്പര്‍ അങ്കണവാടി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനുമതി നല്‍കുന്നില്ല എന്നായിരുന്നു പരാതി. നിലവില്‍ ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലില്ലെന്നും എത്രയും പെട്ടെന്ന് ഭരണ സമിതിക്ക് മുന്നില്‍ ഇത് അവതരിപ്പിച്ച് അംഗീകാരം നല്‍കാനും പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. പഞ്ചായത്തിന്റെ അസറ്റ് രജിസ്റ്ററിലുള്ളതാണ് ഭൂമി. രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് 2.30 വരെ നീണ്ടു.