അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും

post

ഇടുക്കി: കുടിയേറ്റ  കര്‍ഷക  ജില്ലയായ ഇടുക്കിയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ജില്ലയിലെ ഇരുപതിനായിരത്തോളം പേര്‍ക്ക് ഈ സര്‍ക്കാര്‍ വന്ന ശേഷം പട്ടയം നല്‍കി. അവശേഷിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും  പട്ടയം നല്‍കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. നവീകരിച്ച ദേവികുളം താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 80 ശതമാനവും ജില്ലയ്ക്ക് പുറത്തുള്ളവരാണ്. ഇവര്‍ക്ക് താമസ സൗകര്യങ്ങള്‍ കുറവായതിനാല്‍ ഉദ്യോഗസ്ഥരില്‍ അധികം പേരും സ്വന്തം നാട്ടിലേക്കും മറ്റു ജില്ലകളിലേക്കും സ്ഥലം മാറ്റം ആവിശ്യപ്പെട്ട് പോകുന്നതും അവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും  ഇടുക്കി, വയനാട്, കാസര്‍കോഡ്  തുടങ്ങിയ ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് സ്ഥലമാറ്റം ആവശ്യപ്പെടുന്ന നിലപാട് മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തിന് വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷത വഹിച്ചു. പത്തു ചെയിന്‍ ബെല്‍റ്റിലും പട്ടയം നല്‍കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. നിലവില്‍ ഏഴു ചെയിന്‍ ബെല്‍റ്റ് വരെ പട്ടയം നല്‍കിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പത്തു ചെയിനിലും പട്ടയം നല്‍കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ മാങ്കുളം വില്ലേജിലെ 50 പേര്‍ക്ക് പട്ടയ വിതരണവും മന്ത്രി നിര്‍വഹിച്ചു. മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍ , കെ.ഡി.എച്ച് വില്ലേജുകളിലെ ജീവനക്കാര്‍ക്കായി പണി കഴിപ്പിച്ച ക്വാര്‍ട്ടേഴ്‌സുകളും മന്ത്രി ഉദ്ഘാടനം ചെയ്തു.   1911 ല്‍ ബ്രിട്ടീഷുകാരാണ് ദേവികുളം താലൂക്ക് രൂപികരിക്കുന്നത്. ബ്രിട്ടീഷ്‌കാര്‍ പണിത താലൂക്ക് ഓഫീസ് പിന്നീട് മുറികള്‍ കൂട്ടി നിര്‍മിച്ചെങ്കിലും കാതലായ മാറ്റം വരുത്തിയിട്ടില്ല. ഒരു നൂറ്റാണ്ട് പഴക്കമുള്ള താലൂക്ക് ഓഫീസ് മന്ദിരം പൈതൃകം നിലനിര്‍ത്തി ആധുനിക സജ്ജീകരണങ്ങളോടെയാണ് നവീകരിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് താലൂക്ക് ഓഫീസ് നവീകണത്തിന് വേണ്ടി ചെലവാക്കിയത്. ജില്ലാ നിര്‍മ്മിതികേന്ദ്രയാണ് പൈതൃക ഓഫീസ് മന്ദിരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.